ഒഹിയോയിൽ ചെറുവിമാനം വീട്ടിലേക്ക് ഇടിച്ചുകയറി; രണ്ടുപേർ മരിച്ചു

ഒഹിയോയിൽ ചെറുവിമാനം വീട്ടിലേക്ക് ഇടിച്ചുകയറി; രണ്ടുപേർ മരിച്ചു


ഒഹിയോ: ചെറുവിമാനം നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45ന് ഒഹിയോയിലെ ആക്രണിലാണ് സംഭവമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ പറയുന്നു. വിമാനം ഇടിച്ചിറങ്ങിയതിന് പിന്നാലെ വലിയ തീപിടുത്തവും കനത്ത പുകയും പ്രദേശത്തുണ്ടായി. 
1963 മോഡൽ പെപ്പർ പി.എ-28 സിം​ഗിൾ എൻജിൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ആക്രൺ റീജിയണൽ എയർപോർട്ടിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ തകർന്നുവീഴുകയായിരുന്നെന്ന് ഒഹിയോ സ്റ്റേറ്റ് ഹൈവെ പട്രോൾ അറിയിച്ചു. മരിച്ചവരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് ആക്രൺ ഫയർ ഡിസ്ട്രിക്ട് ചീഫ് സിയർജി ലാഷ് പറഞ്ഞു. വിമാനം ഇടിച്ചിറങ്ങിയ വീടും സമീപത്തുള്ള വീടുകളും ഒഴിപ്പിച്ചു. വിമാനം ഇടിച്ചുകയറിയ വീട്ടിലുണ്ടായിരുന്ന ദമ്പതികളും രണ്ട് മക്കളും അത്ഭുതകരമായി രക്ഷപട്ടു. ഇവർക്ക് പരിക്കൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആക്രൺ ഫയർ അധികൃതർ പറഞ്ഞു.