തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഘടകകക്ഷികളിൽ നിന്നുള്ള മന്ത്രിമാരും ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യും. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കുമെന്നാണ് സൂചന.
സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എം.പി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ എന്നിവർ പങ്കെടുക്കും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും ചടങ്ങിന് സാക്ഷികളാകും. തമിഴ് നാട് മുഖ്യമന്ത്രി വിജയ്-യെയും ചടങ്ങിലേക്ക് ക്ഷണിക്കാനാണ് തീരുമാനം.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അതേസമയം പുതിയ മുഖ്യമന്ത്രിക്കും സർക്കാരിനും എല്ലാ പിന്തുണയും നൽകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി വ്യക്തമാക്കി. വി.ഡി. സതീശനുമായി വീട്ടിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'2001ൽ കോൺഗ്രസിന് വലിയ ഭൂരിപക്ഷം ലഭിച്ചപ്പോഴാണ് ഞാൻ മുഖ്യമന്ത്രിയായത്. തുടക്കത്തിൽ വലിയ ആവേശവും പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ എടുത്ത കടുത്ത തീരുമാനങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നു,' ആന്റണി ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രിക്ക് ഡൽഹിയിലേക്ക് പോകാൻ വിമാനടിക്കറ്റ് എടുക്കാൻ പോലും പ്രയാസമുണ്ടായിരുന്ന തരത്തിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധിയായിരുന്നു അന്നത്തെ സാഹചര്യമെന്നും അതിൽനിന്ന് സംസ്ഥാനത്തെ രക്ഷിക്കാനാണ് കടുത്ത തീരുമാനങ്ങൾ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
'അതേ അവസ്ഥ സതീശനും പുതിയ സംഘത്തിനും ഉണ്ടാകരുത്. അതുകൊണ്ട് തന്നെ ആദ്യ ദിവസങ്ങളിൽ തന്നെ തുടർച്ചയായ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കരുത്. സാമ്പത്തികമായി തകർന്ന സംസ്ഥാനത്തെ കരകയറ്റാൻ പുതിയ സർക്കാരിന് സമയം നൽകണം,' ആന്റണി കൂട്ടിച്ചേർത്തു.
കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് പുറത്തുകൊണ്ടുവരിക എന്നതാകും പുതിയ സർക്കാരിന്റെ ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
'സത്യപ്രതിജ്ഞ തിങ്കളാഴ്ച ' വി.ഡി. സതീശനും ഘടക കക്ഷിമന്ത്രിമാരും അധികാരമേൽക്കും
