'പുതിയ കേരളം സൃഷ്ടിക്കുക ലക്ഷ്യം' - മുഖ്യമന്ത്രിപദം ദൈവിക നിയോഗമെന്ന് വി.ഡി. സതീശൻ

'പുതിയ കേരളം സൃഷ്ടിക്കുക ലക്ഷ്യം' - മുഖ്യമന്ത്രിപദം ദൈവിക നിയോഗമെന്ന് വി.ഡി. സതീശൻ


തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ വികാരനിർഭര പ്രതികരണവുമായി വി.ഡി സതീശൻ. പ്രസ്ഥാനം തന്നെ ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും പൂർണ അർപ്പണബോധത്തോടെ പ്രവർത്തിച്ച് പുതിയ കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്കും രാഹുൽഗാന്ധിക്കും നന്ദി അറിയിച്ച സതീശൻ, ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ലക്ഷക്കണക്കിന് യു.ഡി.എഫ് പ്രവർത്തകരുടെയും 'ടീം യു.ഡി.എഫ്'ന്റെയും അധ്വാനമാണ് തന്നെ ഈ സ്ഥാനത്തെത്തിച്ചതെന്ന് പറഞ്ഞു.

'കേരളത്തിലെ ജനങ്ങൾ ഞങ്ങൾക്കു മുന്നിൽ വലിയ ഉത്തരവാദിത്തമാണ് വെച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളോട് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കും. സംസ്ഥാനത്തെ പുതിയ ദിശയിലേക്ക് നയിക്കാൻ എല്ലാവരും ചേർന്ന് കഠിനാധ്വാനം ചെയ്യും,' സതീശൻ വ്യക്തമാക്കി.

മുഖ്യമന്ത്രിപദത്തെ 'ദൈവിക നിയോഗം' എന്ന വിശേഷണത്തോടെയാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ദേശീയ നേതൃത്വം നൽകിയ പിന്തുണ നിർണായകമായിരുന്നുവെന്നും പ്രത്യേകിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും  മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും നൽകിയ പിന്തുണ മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

'രമേശ് ചെന്നിത്തല എന്റെ നേതാവാണ്. ദീപദാസ് മുൻഷി ഉൾപ്പെടെയുള്ള നേതാക്കൾ ക്യാംപ് ചെയ്താണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കേരളം നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം,' എന്നും സതീശൻ കൂട്ടിച്ചേർത്തു.

ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും ടീമായി പ്രവർത്തിച്ചാൽ മാത്രമേ സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാനാകൂവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ സമയം എടുത്തതിൽ യാതൊരു നാണക്കേടുമില്ലെന്നും അതെല്ലാം സ്വാഭാവികമായ നടപടിക്രമങ്ങളുടെ ഭാഗമാണെന്നും സതീശൻ പ്രതികരിച്ചു.

'എല്ലാ നേതാക്കളുമായും വിശദമായ ആശയവിനിമയം നടത്തിയ ശേഷമാണ് പാർട്ടി തീരുമാനത്തിലെത്തിയത്. സത്യപ്രതിജ്ഞ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും. മന്ത്രിമാരെ തീരുമാനിക്കുന്നത് പാർട്ടിയാണ്, ഞാനല്ല,' എന്നും നിയുക്ത മുഖ്യമന്ത്രി വ്യക്തമാക്കി.