കാനഡ വിസ കേന്ദ്രങ്ങളില്‍ തട്ടിപ്പും സുരക്ഷാ വീഴ്ചകളും; ആഭ്യന്തര രേഖകള്‍ പുറത്ത്

കാനഡ വിസ കേന്ദ്രങ്ങളില്‍ തട്ടിപ്പും സുരക്ഷാ വീഴ്ചകളും; ആഭ്യന്തര രേഖകള്‍ പുറത്ത്


ഒട്ടാവ: കാനഡ സര്‍ക്കാരിന് വേണ്ടി വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിസ അപേക്ഷ കേന്ദ്രങ്ങളില്‍ (വി എ സി) തട്ടിപ്പും സുരക്ഷാ പ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്ന് ആഭ്യന്തര രേഖകള്‍ വെളിപ്പെടുത്തുന്നു. ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിസ കേന്ദ്രങ്ങളില്‍ മൂന്നാം കക്ഷി തട്ടിപ്പുകള്‍, സുരക്ഷാ വീഴ്ചകള്‍, അധിക ഫീസ് ഈടാക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇമിഗ്രേഷന്‍, റഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയുടെ (ഐ ആര്‍ സി സി) ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

ബംഗ്ലാദേശിലെ ധാക്കയിലെ വിസ കേന്ദ്രത്തില്‍ നേരിട്ട അനുഭവങ്ങള്‍ ന്യായീകരിക്കാനാകാത്തതും സംശയാസ്പദവുമാണ് എന്ന് ഒട്ടാവ സ്വദേശിയായ സലാഹ് ഉദ്ദീന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിസ ലഭ്യമാക്കുന്നതിനിടെ നിരവധി തവണ പ്രശ്‌നങ്ങള്‍ നേരിട്ടതായും അദ്ദേഹം പറഞ്ഞു.

കാനഡ സര്‍ക്കാരിന് വേണ്ടി 109 രാജ്യങ്ങളിലായി 164 വിസ അപേക്ഷ കേന്ദ്രങ്ങള്‍ നടത്തുന്നത് വി എഫ് എസ് ഗ്ലോബലാണ്. കുടിയേറ്റ അപേക്ഷകളില്‍ അന്തിമ തീരുമാനമെടുക്കുന്നത് കമ്പനിയല്ലെങ്കിലും ബയോമെട്രിക് വിവരശേഖരണം, രേഖകളും പാസ്പോര്‍ട്ടുകളും കൈമാറ്റം ചെയ്യല്‍ തുടങ്ങിയ സേവനങ്ങള്‍ രണ്ടര ദശാബ്ദത്തിലേറെയായി കമ്പനി നിര്‍വഹിച്ചുവരുന്നു.

2023ല്‍ മാതാപിതാക്കളുടെ പാസ്പോര്‍ട്ടുകള്‍ സമയബന്ധിതമായി സമര്‍പ്പിക്കാനായി പ്രീമിയം ലോഞ്ച് ആക്‌സസ് സേവനം ഉപയോഗിക്കേണ്ടിവന്നതായി ഉദ്ദീന്‍ പറഞ്ഞു. നീണ്ട നിരയില്‍ ദിവസങ്ങളോളം കാത്തുനിന്നിട്ടും സാധാരണ സേവനം ലഭിക്കാത്ത സാഹചര്യത്തിലാണ് അധിക ഫീസ് അടച്ച് സേവനം സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഏകദേശം 130 കനേഡിയന്‍ ഡോളര്‍ അധികമായി നല്‍കിയതിന് ശേഷം സുഹൃത്തിന് അഞ്ച് മിനിറ്റിനുള്ളില്‍ കോള്‍ഡ് ഡ്രിങ്ക് നല്‍കി സേവനം ലഭിച്ചു എന്നും അദ്ദേഹം പറഞ്ഞു.

2024ല്‍ ബന്ധുക്കള്‍ക്കായി വിസ നേടാന്‍ ശ്രമിക്കുമ്പോള്‍ അടുത്ത കാലത്തേക്ക് യാതൊരു അപ്പോയിന്റ്‌മെന്റും ലഭ്യമല്ലെന്നും മൂന്നാം കക്ഷി ഇടനിലക്കാര്‍ ഓരോരുത്തര്‍ക്കും ഏകദേശം 250 കനേഡിയന്‍ ഡോളര്‍ ആവശ്യപ്പെട്ടതായും ഉദ്ദീന്‍ ആരോപിച്ചു. 30 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ട സമയ പരിധിയുണ്ടായിരുന്നതിനാല്‍ പാസ്പോര്‍ട്ടുകള്‍ മലേഷ്യയിലെ സുഹൃത്തിന് അയച്ച് അവിടെ നിന്നാണ് അപേക്ഷ സമര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത് തട്ടിപ്പാണെന്നും ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് കുറ്റകൃത്യ സംഘങ്ങളുടെ തട്ടിപ്പുകള്‍ വിസ സേവനങ്ങളില്‍ മാത്രമല്ലെന്നും അപേക്ഷകരെ ബോധവത്ക്കരിക്കാന്‍ കമ്പനി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നുമാണ് വി എഫ് എസ് ഗ്ലോബല്‍ മറുപടി നല്‍കിയത്.

അതേസമയം, എല്ലാ തട്ടിപ്പ് വിവരങ്ങളും കര്‍ശനമായി അന്വേഷിക്കുന്നുണ്ടെന്ന് ഐ ആര്‍ സി സി വ്യക്തമാക്കി. അപ്പോയിന്റ്‌മെന്റ് ബുക്കിങ് സംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന മൂന്നാം കക്ഷികളെ കണ്ടെത്തിയതായും അത് തടയാന്‍ നടപടികള്‍ സ്വീകരിച്ചതായും വകുപ്പ് അറിയിച്ചു.

2024ല്‍ സി ബി സി ന്യൂസ് വിവരാവകാശ നിയമപ്രകാരം ഐ ആര്‍ സി സിയില്‍ നിന്ന് ലഭിച്ച രേഖകളിലാണ് ബംഗ്ലാദേശിലെയും റഷ്യയിലെയും വിസ കേന്ദ്രങ്ങളില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ വെളിപ്പെട്ടത്. കനേഡിയന്‍ ഉദ്യോഗസ്ഥരും വി എഫ് എസ് ജീവനക്കാരും തമ്മിലുള്ള ഇ-മെയിലുകളും റിപ്പോര്‍ട്ടുകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

തങ്ങള്‍ കാണുന്ന തട്ടിപ്പുകളെക്കുറിച്ച് ഒരു നോവല്‍ എഴുതാമെന്നാണ് 2024 ഫെബ്രുവരിയില്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഇ-മെയിലില്‍ പറയുന്നത്. തട്ടിപ്പിന്റെ വ്യാപ്തി, സാധാരണ രീതികള്‍, കണ്‍സള്‍ട്ടന്റുമാര്‍ വഹിക്കുന്ന പങ്ക് തുടങ്ങിയ വിവരങ്ങള്‍ ആവശ്യപ്പെട്ടതായും രേഖകളില്‍ പറയുന്നു.

ധാക്കയിലെ അപ്പോയിന്റ്‌മെന്റ് പുനര്‍വില്‍പ്പനയെക്കുറിച്ചും ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അപേക്ഷകരെന്ന നിലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് ബുക്കിങ് ചെയ്യാന്‍ ശ്രമിച്ചപ്പോഴും പ്രശ്‌നങ്ങള്‍ നേരിട്ടതായി രേഖകളില്‍ പറയുന്നു.

ചില ഇടനിലക്കാര്‍ കൂട്ടത്തോടെ അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്ത് കാനഡയുടെ കര്‍ശന സമയപരിധി പാലിക്കാന്‍ ശ്രമിക്കുന്ന അപേക്ഷകര്‍ക്ക് ഉയര്‍ന്ന തുകയ്ക്ക് വില്‍ക്കുകയായിരുന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപഭോക്താക്കള്‍ മൂന്നാം കക്ഷികളെ ആശ്രയിക്കേണ്ടിവരുന്നത് വലിയ പ്രശ്‌നമാണെന്നും ഇത് സേവനങ്ങളില്‍ തുല്യപ്രവേശനം ഇല്ലെന്നതിന് തെളിവാണെന്നും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ 2024 ജനുവരിയില്‍ വി എഫ് എസിന് അയച്ച ഇമെയിലില്‍ കുറിച്ചു.

പ്രീമിയം സേവനം ഉപയോഗിക്കാതെ ഐ ആര്‍ സി സിയുടെ സമയപരിധി പാലിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഇത് ധാര്‍മ്മികതയുള്ള രീതിയല്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

അപേക്ഷകര്‍ ഇതിനകം ഐ ആര്‍ സി സിയ്ക്ക് പ്രോസസിങ് ഫീസ് നല്‍കുന്നവരാണ്. വി എഫ് എസിന് വേണ്ട പണം സര്‍ക്കാര്‍ നല്‍കണം, ജനങ്ങളില്‍ നിന്നല്ലെന്നും' ഉദ്ദീന്‍ പ്രതികരിച്ചു.

കാര്‍ല്‍ട്ടണ്‍ സര്‍വകലാശാലയില്‍ ബിസിനസ് അനലിറ്റിക്‌സ് പഠിക്കാന്‍ 2023ല്‍ കാനഡയിലെത്തിയ മസൂദ് റാണയും സമാന അനുഭവം പങ്കുവച്ചു. കുടുംബത്തിലെ നാല് പേര്‍ക്കായി 300 ഡോളറിലധികം പ്രീമിയം സേവനങ്ങള്‍ക്ക് നല്‍കിയെങ്കിലും സമയത്ത് ബയോമെട്രിക്‌സ് സമര്‍പ്പിക്കാന്‍ കഴിഞ്ഞതല്ലാതെ പ്രത്യേക നേട്ടമൊന്നുമില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രീമിയം സേവനങ്ങള്‍ അപേക്ഷകരുടെ സൗകര്യത്തിനായുള്ള ഐച്ഛിക സേവനങ്ങള്‍ മാത്രമാണെന്നും അവ കാനഡ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെയാണെന്നും വി എഫ് എസ് വ്യക്തമാക്കി. അതേസമയം, ഈ സേവനങ്ങളില്‍ നിന്ന് വി എഫ് എസിന് ലഭിക്കുന്ന അധിക വരുമാനം സര്‍ക്കാര്‍ നിരീക്ഷിക്കുന്നില്ലെന്നും ഐ ആര്‍ സി സി അറിയിച്ചു.

ധാക്കയിലെ വിസ കേന്ദ്രത്തില്‍ രേഖകള്‍ നശിപ്പിക്കല്‍, വ്യക്തിഗത ഇമെയില്‍- സോഷ്യല്‍ മീഡിയ ഉപയോഗം, ജീവനക്കാരുടെ സുരക്ഷാ പരിശോധനയിലെ പോരായ്മകള്‍ തുടങ്ങിയ ഗുരുതര ആശങ്കകളും രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ വിശദാംശങ്ങള്‍ മറച്ചുവെച്ചിട്ടുണ്ട്.

സുരക്ഷാ പരിശോധന ലഭിച്ചിരിക്കുന്നത് ഒരൊറ്റ ഏജന്റിനാണെന്ന് 2023ലെ ഒരു ഇ-മെയിലില്‍ ഉദ്യോഗസ്ഥന്‍ കുറിച്ചു. ഫോണ്‍ കോളുകളും ഇ-മെയിലുകളും നിരീക്ഷിക്കുന്ന ജീവനക്കാരും പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഫെഡറല്‍ ടെന്‍ഡര്‍ രേഖകള്‍ പ്രകാരം 2012 മുതല്‍ 2026 മാര്‍ച്ച് വരെ വി എഫ് എസ് ഗ്ലോബലിന് 128 വിസ കേന്ദ്രങ്ങള്‍ നടത്തുന്നതിന് 725 മില്യണ്‍ ഡോളറിലധികം കരാറുകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 2017ല്‍ വി എഫ് എസ് ഏറ്റെടുത്ത ടി ടി വിസ സര്‍വീസസ് എന്ന കമ്പനിക്കും 36 കേന്ദ്രങ്ങള്‍ നടത്താന്‍ 45.9 മില്യണ്‍ ഡോളര്‍ ലഭിച്ചു.

റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിനിടെ 2024 ഏപ്രിലില്‍ റഷ്യയിലെ വിസ കേന്ദ്രങ്ങള്‍ ഇന്റര്‍നെറ്റ് തടസ്സം മൂലം പ്രവര്‍ത്തന രഹിതമായതായും രേഖകള്‍ വെളിപ്പെടുത്തുന്നു. ചില അടിയന്തര കേസുകള്‍ക്ക് കനേഡിയന്‍ എംബസിയിലൂടെ നേരിട്ട് സേവനം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ബ്രിട്ടീഷ് കൊളംബിയയിലെ ബേണ്‍ബിയിലെ കുടിയേറ്റ അഭിഭാഷക കരീന ജുമ, മെക്‌സിക്കോയിലെ വി എഫ് എസ് കേന്ദ്രത്തില്‍ തന്റെ ഒരു ക്ലയന്റിന് വിരുദ്ധ നിര്‍ദേശങ്ങള്‍ ലഭിച്ചതായി പറഞ്ഞു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇന്നും വ്യാപകമാണെന്ന് അവര്‍ പറയുന്നു.

വിവരാവകാശ അപേക്ഷകളിലൂടെ വി എഫ് എസ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചെങ്കിലും വ്യക്തമായ ചിത്രം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സാമൂഹിക മാധ്യമങ്ങളിലൂടെയോ അനുഭവവിവരങ്ങളിലൂടെയോ മാത്രമാണ് പല കാര്യങ്ങളും അറിയാന്‍ കഴിയുന്നതെന്നും ജുമ പറഞ്ഞു. ഇത് ഒരു കേന്ദ്രത്തിലെ പ്രശ്‌നമല്ലെന്നും നിരവധി രാജ്യങ്ങളിലെ നിരവധി കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് കഥകളുണ്ടാകാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഐ ആര്‍ സി സി കൂടുതല്‍ കര്‍ശനമായ ഓഡിറ്റുകളും മേല്‍നോട്ടവും നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

അതേസമയം, വി എഫ് എസ് എല്ലാ കേന്ദ്രങ്ങളിലും സ്ഥിരമായ സുരക്ഷാ ഓഡിറ്റുകളും ജീവനക്കാരുടെ പശ്ചാത്തല പരിശോധനകളും നടത്തുന്നതായി അറിയിച്ചു. കരാറുകളില്‍ നിശ്ചയിച്ച നിലവാരങ്ങള്‍ പാലിക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.

നിലവാരങ്ങള്‍ പാലിക്കാത്ത കരാറുകാര്‍ക്ക് സാമ്പത്തികമോ ഭരണപരമോ ആയ നടപടികള്‍ സ്വീകരിക്കാമെന്ന് ഐ ആര്‍ സി സി വ്യക്തമാക്കി. എന്നിരുന്നാലും വി എഫ് എസ് കരാര്‍ പ്രതീക്ഷകള്‍ പാലിച്ചിട്ടുണ്ടെന്നും വകുപ്പ് അറിയിച്ചു.

വിഎഫ്എസിന്റെയും ടി ടി വിസ സര്‍വീസസിന്റേയും നിലവിലെ കരാറുകള്‍ 2027 ഒക്ടോബറില്‍ അവസാനിക്കാനിരിക്കുകയാണ്. ഒരു വര്‍ഷം കൂടി നീട്ടാനുള്ള വ്യവസ്ഥയോടെയുള്ള പുതിയ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.