ഒട്ടാവ: നിര്‍മിത ബുദ്ധി (എ ഐ) രംഗത്ത് അമേരിക്കന്‍ ടെക് ഭീമന്‍മാരിലുള്ള ആശ്രയം കുറയ്ക്കാനും കനേഡിയന്‍ ഡേറ്റ കാനഡയുടെ നിയമങ്ങള്‍ക്ക് വിധേയമാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി 'സ്വയംഭരണ ഡേറ്റ സെന്ററുകള്‍' സ്ഥാപിക്കാന്‍ കാനഡ സര്‍ക്കാര്‍ നീക്കം ശക്തമാക്കുന്നു.
ഡേറ്റ സെന്ററുകള്‍ കാനഡയില്‍ സ്ഥിതി ചെയ്യുന്നതു മാത്രമല്ല, അവയുടെ നിയന്ത്രണവും കാനഡയ്ക്കു തന്നെയായിരിക്കണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ വിദേശ ഹാര്‍ഡ്വെയറുകളും ഉപഭോക്താക്കളും രാജ്യാതിര്‍ത്തികളെ മറികടക്കുന്ന ഡിജിറ്റല്‍ നെറ്റ്വര്‍ക്കുകളും ആശ്രയിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ഥ നിയന്ത്രണം എത്രത്തോളം സാധ്യമാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. നേരിടാനിരിക്കുന്ന ഏറ്റവും വലിയ സാങ്കേതിക പ്രശ്‌നങ്ങളില്‍ ഒന്നായിരിക്കും ഇതെന്ന് ടൊറന്റോ ആസ്ഥാനമായ ടെക്നോളജി ഉപദേഷ്ടാവും അഭിഭാഷകനുമായ റിതേഷ് കോടക് പറഞ്ഞു.
ആമസോണ്‍, മൈക്രോസോഫ്റ്റ് പോലുള്ള അമേരിക്കന്‍ കമ്പനികളുടെ ക്ലൗഡ് സേവനങ്ങളെയാണ് കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇപ്പോഴും വലിയ തോതില്‍ ആശ്രയിക്കുന്നത്. അമേരിക്കന്‍ നിയമങ്ങള്‍ പ്രകാരം അവിടുത്തെ ഇന്റലിജന്‍സ്, നിയമനടപടി ഏജന്‍സികള്‍ക്ക് ഡേറ്റയില്‍ വ്യാപകമായ പ്രവേശനാവകാശമുണ്ട്.
സമീപകാലത്ത് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തെ വിമര്‍ശിച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കുശേഷം തന്റെ സ്വകാര്യ വിവരങ്ങള്‍ ഗൂഗിളില്‍ നിന്ന് ശേഖരിക്കാന്‍ അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ശ്രമിച്ചെന്നാരോപിച്ച് ഒരു കാനഡ പൗരന്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
കാനഡ പൗരന്മാരുടെ വിവരങ്ങള്‍ വിദേശ സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നത് ഇതാദ്യമായല്ലെന്നും അവസാനത്തേതുമാകില്ലെന്നും കോടക് ചൂണ്ടിക്കാട്ടി. ഈ ആശങ്കകളുടെ പശ്ചാത്തലത്തിലാണ് കൂടുതല്‍ കനേഡിയന്‍ എ ഐ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ഒട്ടാവയുടെ ശ്രമം ശക്തമാകുന്നത്.
ഫെഡറല്‍ ഡേറ്റ സെന്റര്‍ പദ്ധതിയില്‍ ടെലസാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഒട്ടാവയുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ഇതുവരെ ഔദ്യോഗിക ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ഫെഡറല്‍ സര്‍ക്കാരിന്റെ പിന്തുണയോടെ വികസിപ്പിക്കുന്ന പുതിയ ഡേറ്റ സെന്ററുകള്‍ക്ക് 'സ്വയംഭരണ' വ്യവസ്ഥകള്‍ ബാധകമാകുമെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- ഡിജിറ്റല്‍ ഇന്നവേഷന്‍ മന്ത്രി ഇവാന്‍ സോളമന്‍ വ്യക്തമാക്കി.
വിപുലമായ സ്വയംഭരണ പൊതുമേഖലാ എ ഐ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ അഞ്ച് വര്‍ഷത്തിനിടെ 925.6 മില്യണ്‍ ഡോളര്‍ വകയിരുത്തിയിട്ടുണ്ട്.
ഫെഡറല്‍ സര്‍ക്കാരുമായി ചേര്‍ന്ന് മൂന്ന് പുതിയ ഡേറ്റ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് ടെലസ് പ്രഖ്യാപിച്ചതിന് പിന്നാലെ കാനഡയില്‍ വലിയ തോതിലുള്ള എ ഐ അടിസ്ഥാന സൗകര്യ വികസനത്തിന് ശക്തമായ മുന്നേറ്റം ആരംഭിച്ചിട്ടുണ്ടെന്ന് ബെല്‍ കാനഡ സി ഇ ഒ മിര്‍ക്കോ ബിബിച്ച് പറഞ്ഞു. എ ഐ അവസരം പ്രയോജനപ്പെടുത്താനുള്ള ആവേശവും ലക്ഷ്യബോധവും സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം വെബ്‌സമ്മിറ്റ് സമ്മേളനത്തില്‍ പറഞ്ഞു.
മാര്‍ച്ചില്‍ പ്രഖ്യാപിച്ച 1.7 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന്റെ ഭാഗമായി റെജീനയ്ക്ക് സമീപം 300 മെഗാവാട്ട് ശേഷിയുള്ള പുതിയ ബെല്‍ ഡേറ്റ സെന്ററിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്.
എന്നാല്‍ ഡേറ്റ സെന്ററുകള്‍ കാനഡയില്‍ നിര്‍മ്മിക്കുന്നതുകൊണ്ട് മാത്രം നിയന്ത്രണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ അവസാനിക്കുന്നില്ല. ടെലസിന്റെ പുതിയ സെന്ററുകളില്‍ പ്രവര്‍ത്തനം പൂര്‍ണമാകുമ്പോള്‍ എന്‍വിഡിയയുടെ 60,000ലധികം ഗ്രാഫിക്‌സ് പ്രോസസിംഗ് യൂണിറ്റുകള്‍ (ജി പി യു) സ്ഥാപിക്കാനാണ് പദ്ധതി. ഇവയുടെ നിര്‍മ്മാണം വിദേശരാജ്യങ്ങളിലായിരിക്കും.
കൂടാതെ, ഈ ഡേറ്റ സെന്ററുകള്‍ കാനഡ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും മാത്രമായി സേവനം നല്‍കണമെന്ന നിബന്ധന സര്‍ക്കാര്‍ ഏര്‍പ്പെടുത്തില്ലെന്നും സോളമന്‍ പറഞ്ഞു.
ആര്‍ക്കാണ് അവര്‍ സേവനം നല്‍കേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിക്കില്ലെന്നും വിവിധതരം ഡേറ്റ അവര്‍ ഹോസ്റ്റ് ചെയ്യാന്‍ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡേറ്റ സെന്റര്‍ വികസനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് ധനസഹായമോ സാമ്പത്തിക സുരക്ഷിതത്വമോ നല്‍കുന്ന വിവിധ മോഡലുകള്‍ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുമായി വ്യാപാരം തുടരുമെന്നും അവര്‍ തങ്ങളുടെ ഏറ്റവും വലിയ പങ്കാളിയാണെന്നും സ്വയംഭരണം എന്നത് നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ കാനഡ പോലുള്ള രാജ്യങ്ങള്‍ക്ക് വലിയ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും സോളമന്‍ കൂട്ടിച്ചേര്‍ത്തു.
മോണ്ട്രിയല്‍ ആസ്ഥാനമായ എ ഐ പ്ലാറ്റ്ഫോം കമ്പനിയായ കോവിയോയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ലൂയി ടെറ്റു പറയുന്നത് ലോകത്തിലെ മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാമെന്നും പക്ഷേ നിയന്ത്രണം കനേഡിയന്‍ കമ്പനികള്‍ക്കായിരിക്കണം എന്നതാണ്. അങ്ങനെ ചെയ്താല്‍ ആര്‍ക്കും കാനഡയെ ഓഫ് ചെയ്യാന്‍ കഴിയാത്ത തരത്തില്‍ സുരക്ഷിതമാകുമെന്നും അത് ദേശീയ താല്‍പര്യവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡേറ്റ സ്വയംഭരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാകുന്നത് സ്വകാര്യതാ വിദഗ്ധരെയും ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ വ്യക്തമായ നിയമനിര്‍മാണം വേണമെന്നാണ് അവരുടെ ആവശ്യം.
ഡേറ്റ കാനഡയില്‍ സൂക്ഷിക്കുന്നതും കമ്പനികള്‍ കനേഡിയന്‍ ഉടമസ്ഥതയില്‍ ഉള്ളതുമായിരിക്കുന്നതും അവയുടെ പ്രവര്‍ത്തനവും കാനഡയ്ക്കുള്ളില്‍ തന്നെയാകണമെന്നും കാനഡ പ്രൈവസി ആന്‍ഡ് ആക്‌സസ് കൗണ്‍സില്‍ പ്രസിഡന്റ് ഷാരണ്‍ പോള്‍സ്‌കി പറഞ്ഞു.
ഡേറ്റ സെന്ററുകളിലും ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലും വിദേശ ഉടമസ്ഥതയ്ക്ക് നിയന്ത്രണം വേണമോയെന്ന ചര്‍ച്ചയും ഉയരുന്നുണ്ട്.
ഡിജിറ്റല്‍ ലോകത്ത് വിവരങ്ങള്‍ അതിര്‍ത്തികള്‍ മറികടന്ന് സഞ്ചരിക്കുന്നതിനാല്‍ കനേഡിയന്‍ ഡേറ്റ രാജ്യത്തിനുള്ളില്‍ തന്നെ നിലനിര്‍ത്തുക പ്രായോഗികമായി എത്രത്തോളം സാധ്യമാകുമെന്ന ആശങ്കയും തുടരുകയാണ്.
ഡിജിറ്റല്‍ ട്രാഫിക് ദേശീയ അതിര്‍ത്തികളെ എല്ലായ്‌പ്പോഴും മാനിക്കണമെന്നില്ലെന്നും അതിനെ നിയന്ത്രിക്കാന്‍ നെറ്റ്വര്‍ക്ക് വേര്‍തിരിക്കേണ്ടിവരുമെന്നും വിക്ടോറിയ ആസ്ഥാനമായ ഗ്രീന്‍ എഡ്ജ് കംപ്യൂട്ടിങ്ങിന്റെ സഹസ്ഥാപകന്‍ റൂഡി കാരോള്‍സ്‌ഫെല്‍ഡ് പറഞ്ഞു.
ചെറിയ സമൂഹങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രാദേശികമായി ഡേറ്റ സംഭരിക്കാന്‍ അനുയോജ്യമായ ചെറിയ ഡേറ്റ സെന്ററുകളിലാണ് ഗ്രീന്‍ എഡ്ജ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഡേറ്റ എവിടെ സൂക്ഷിക്കുന്നു എന്നതിലുപരി, അത് എവിടെയെല്ലാം സഞ്ചരിക്കുന്നു എന്നതിനെക്കുറിച്ചും വലിയ ആശങ്കകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
