ഒട്ടാവ: കാനഡയില്‍ ജോലി നല്‍കി പുതിയ ജീവിതം വാഗ്ദാനം ചെയ്തതിന് ശേഷം അവസാന നിമിഷത്തില്‍ തൊഴില്‍ ഓഫറുകള്‍ പിന്‍വലിച്ച സംഭവത്തില്‍ കെനിയയിലെ അഭയാര്‍ഥി ക്യാമ്പുകളിലുള്ള നിരവധി പേര്‍ കടുത്ത മാനസിക പ്രതിസന്ധിയിലായി. നോവ സ്‌കോഷ്യയിലെ തുടര്‍ച്ചയായ പരിചരണ സേവനങ്ങള്‍ നല്‍കുന്ന നോര്‍ത്ത്വുഡ് എന്ന സ്ഥാപനമാണ് രണ്ട് വര്‍ഷത്തിലേറെയായി നല്‍കിയിരുന്ന ജോലി ഓഫറുകള്‍ റദ്ദാക്കിയത്.
കെനിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള യു എന്‍ അഭയാര്‍ഥി ക്യാമ്പായ കകുമയില്‍ 16 വര്‍ഷമായി കഴിയുന്ന 33കാരനായ ജുമ അസുകുലു ഷൗരി ഈ വാര്‍ത്ത കേട്ടതിന് ശേഷം താന്‍ ഗുരുതര മാനസിക സമ്മര്‍ദ്ദത്തിലായതായി പറഞ്ഞു.
ആഗോള മനുഷ്യാവകാശ സംഘടനയായ റഫ്യൂജ്പോയിന്റ് പ്രകാരം കാനഡ സര്‍ക്കാരിന്റെ 'ഇക്കണോമിക് മൊബിലിറ്റി പാത്വേയ്‌സ് പൈലറ്റ്' (ഇ എം പി പി) പദ്ധതിയിലൂടെ കാനഡയിലേക്ക് പോകാനൊരുങ്ങിയിരുന്ന 18 അഭയാര്‍ഥികളാണ് നോര്‍ത്ത്വുഡിന്റെ നടപടി മൂലം അനിശ്ചിതത്വത്തിലായത്.
പ്രാവീണ്യമുള്ള അഭയാര്‍ഥികള്‍ക്ക് പുതിയ രാജ്യങ്ങളില്‍ തൊഴിലും താമസവും ലഭ്യമാക്കുന്നതിനൊപ്പം കാനഡയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുകയെന്നതാണ് ഇഎംപിപി പദ്ധതിയുടെ ലക്ഷ്യം.
ഇത്തരമൊരു നടപടി ഒരു തൊഴിലുടമയില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് റഫ്യൂജ്പോയിന്റ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജെന്നിഫര്‍ വില്‍സണ്‍ പറഞ്ഞു. 2018ല്‍ പദ്ധതി ആരംഭിച്ചതുമുതല്‍ കാനഡയിലെ തൊഴിലുടമകളുമായി അഭയാര്‍ഥികളെ ബന്ധിപ്പിച്ചുവരുന്നത് ഈ സംഘടനയാണ്.
പലരും വര്‍ഷങ്ങളായി കാനഡയിലേക്ക് പോകാനായി കാത്തിരിക്കുകയായിരുന്നുവെന്നും നടപടിക്രമങ്ങളുടെ അവസാനഘട്ടത്തിലെത്തിയ ശേഷമാണ് ഓഫറുകള്‍ റദ്ദാക്കിയതെന്നും അവര്‍ പറഞ്ഞു.
താമസ സ്ഥലം ഉറപ്പാക്കുകയും വിമാന ടിക്കറ്റ് ഒരുക്കുകയും ചെയ്താല്‍ യാത്ര ചെയ്യാമെന്ന അവസ്ഥയിലായിരുന്നു അവരെന്ന് വില്‍സണ്‍ വ്യക്തമാക്കി.
ലോകമെമ്പാടും ഏകദേശം 4.3 കോടി അഭയാര്‍ഥികള്‍ കഴിയുന്ന സാഹചര്യത്തിലും കാനഡയും അമേരിക്കയും ഉള്‍പ്പെടെ വിദേശ സഹായങ്ങളില്‍ വെട്ടിക്കുറവുണ്ടാകുന്ന ഘട്ടത്തിലുമാണ് ഈ സംഭവം നടന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സംഭവത്തിന് പിന്നാലെ നോര്‍ത്ത്വുഡുമായുള്ള സഹകരണം അവസാനിപ്പിച്ചതായും റഫ്യൂജ്പോയിന്റ് അറിയിച്ചു.
2022 സെപ്റ്റംബര്‍ മുതല്‍ 2023 ഡിസംബര്‍ വരെ കകുമയും ദാദാബും ഉള്‍പ്പെടെയുള്ള അഭയാര്‍ഥി ക്യാമ്പുകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയ ജോലി ഓഫറുകള്‍ ഒരുമിച്ച് പിന്‍വലിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങള്‍ക്ക് മുമ്പ് നല്‍കിയ ജോലി ഓഫറിനെക്കുറിച്ച് ദുഃഖകരമായ ഒരു വിവരം പങ്കുവയ്ക്കുകയാണ് എന്നായിരുന്നു നോര്‍ത്ത്വുഡ് അയച്ച കത്തില്‍ പറഞ്ഞിരുന്നത്.
പുതിയ ജീവനക്കാരെ സ്വീകരിക്കാന്‍ ആവശ്യമായ പിന്തുണയും ഒഴിവുകളും ഇനി സ്ഥാപനത്തിന് നല്‍കാനാവില്ലെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
മൂന്ന് വര്‍ഷത്തോളം അവര്‍ തങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിയെന്നും എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചതായും കകുമ ക്യാമ്പില്‍ നിന്ന് സൂം അഭിമുഖത്തില്‍ ഷൗരി പറഞ്ഞു.
ഉദ്യോഗാര്‍ഥികള്‍ ആരോഗ്യപരിചരണ രംഗത്തെ പ്രവൃത്തിപരിചയവും ഇംഗ്ലീഷ് പരിജ്ഞാനവും തെളിയിക്കേണ്ടതുണ്ടായിരുന്നു. മെഡിക്കല്‍ പരിശോധനയും വിസ അംഗീകാരവും ലഭിച്ച ശേഷമാണ് ഓഫറുകള്‍ റദ്ദാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
2021ലാണ് ഷൗരി പദ്ധതിക്ക് അപേക്ഷിച്ചത്. കോണ്‍ഗോയില്‍ ആയുധസംഘങ്ങള്‍ പിതാവിനെയും രണ്ട് സഹോദരിമാരെയും കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് 2010ല്‍ അദ്ദേഹം രാജ്യം വിട്ടു. ഭാര്യയും അഞ്ചു മക്കളുമൊത്ത് ഇപ്പോള്‍ അഭയാര്‍ഥി ക്യാമ്പിലാണ് താമസം.
സംഭവത്തെക്കുറിച്ച് നേരിട്ട് പ്രതികരിക്കാന്‍ നോര്‍ത്ത്വുഡ് തയ്യാറായില്ല. എന്നാല്‍ മാര്‍ക്കറ്റിങ്- കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ കാലി ഗാലന്റ് പ്രസ്താവനയില്‍ നല്ല വിശ്വാസത്തോടെയാണ് ജോലി ഓഫറുകള്‍ നല്‍കിയതെന്ന് പറഞ്ഞു.
അപേക്ഷാ നടപടികള്‍ നീണ്ടുപോയതോടെ പ്രാദേശിക റിക്രൂട്ട്‌മെന്റ് വഴിയാണ് പല ഒഴിവുകളും നികത്തേണ്ടിവന്നതെന്നും നോവ സ്‌കോഷ്യയില്‍ കൂടുതല്‍ പേര്‍ കെയര്‍ മേഖലയില്‍ പ്രവേശിച്ചതും ഇതിന് കാരണമായതായും അവര്‍ വിശദീകരിച്ചു.
അതേസമയം, 12 അഭയാര്‍ഥികളെ നിയമിക്കുകയും കാനഡയിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇത്തരത്തിലുള്ള പദ്ധതികള്‍ക്ക് വലിയ ഏകോപനവും പിന്തുണയും ആവശ്യമാണെന്നും ഗാലന്റ് കൂട്ടിച്ചേര്‍ത്തു.
അപേക്ഷാ നടപടികളിലെ കാലതാമസം അനിശ്ചിതത്വം സൃഷ്ടിച്ചെങ്കിലും തൊഴില്‍ അടിസ്ഥാനമാക്കിയുള്ള അഭയാര്‍ഥി പുനരധിവാസത്തില്‍ കാനഡയുടെ പദ്ധതി ലോകത്തിനുതന്നെ മാതൃകയായിരുന്നുവെന്ന് ജെന്നിഫര്‍ വില്‍സണ്‍ പറഞ്ഞു.
ഇതുവരെ 1,200ലധികം പേര്‍ ഇ എം പി പി പദ്ധതിയിലൂടെ കാനഡയിലെത്തിയിട്ടുണ്ട്. ക്യൂബെക്ക് ഒഴികെയുള്ള എല്ലാ പ്രവിശ്യകളിലുമായി ആരോഗ്യപരിചരണം, എഞ്ചിനീയറിങ്, നിര്‍മാണം, ഇലക്ട്രോണിക്‌സ്, ധാതു സംസ്‌കരണം തുടങ്ങിയ മേഖലകളിലാണ് ഇവര്‍ ജോലി ചെയ്യുന്നത്.
ആരംഭത്തില്‍ ആറുമാസത്തിനകം അപേക്ഷകള്‍ തീര്‍പ്പാക്കാമെന്ന് കാനഡയുടെ ഇമിഗ്രേഷന്‍, റഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വകുപ്പ് (ഐ ആര്‍ സി സി) ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് വലിയ താമസമുണ്ടായി. നിലവില്‍ 80 ശതമാനം അപേക്ഷകളും 18 മാസത്തിനുള്ളില്‍ പരിഗണിക്കുന്നുണ്ടെന്നാണ് വകുപ്പ് പറയുന്നത്.
അപേക്ഷകളുടെ എണ്ണം പരിധി കവിയുന്നതിനാല്‍ ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ സിസ്റ്റത്തിലുളള 3,900 അപേക്ഷകള്‍ 1,300 ഉദ്യോഗാര്‍ഥികളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ പരിഗണിക്കുമെന്ന് ഐ ആര്‍ സി സി അറിയിച്ചു.
നോര്‍ത്ത്വുഡ് ജോലി ഓഫര്‍ പിന്‍വലിച്ച ചിലര്‍ക്ക് പുതിയ തൊഴിലുടമയെ ലഭിച്ചാല്‍ ഇപ്പോഴും കാനഡയിലേക്ക് പോകാന്‍ അവസരമുണ്ടാകാം. എന്നാല്‍ ചിലരുടെ കേസുകള്‍ അടച്ചുപൂട്ടിയതായും റിപ്പോര്‍ട്ടുണ്ട്.
ഈ സംഭവത്തെ തുടര്‍ന്ന് തനിക്ക് ഏകദേശം 25 പൗണ്ട് ഭാരം കുറഞ്ഞതായി ഷൗരി പറഞ്ഞു. കാനഡ എന്നും നോര്‍ത്ത്വുഡ് എന്നും കേള്‍ക്കുമ്പോള്‍ തന്നെ മാനസികമായി തളരുന്നുവെന്നും എന്നിരുന്നാലും കാനഡയിലേക്ക് പോകാനുള്ള പ്രതീക്ഷ ഇപ്പോഴും കൈവിടാത്തതായും അദ്ദേഹം പറഞ്ഞു.
സുഡാനില്‍ നിന്നുള്ള ഇട്രിസ് അബുസ്സിന്‍ ആഡം 14 വര്‍ഷമായി കകുമ ക്യാമ്പില്‍ കഴിയുകയാണ്. നോര്‍ത്ത്വുഡില്‍ വ്യക്തിഗത പരിചരണപ്രവര്‍ത്തകനായി ജോലി ചെയ്യാന്‍ അദ്ദേഹത്തിനും അനുമതി ലഭിച്ചിരുന്നു.
എപ്പോള്‍ കാനഡയിലേക്ക് പോകും? എന്ന് ദിവസവും ചോദിച്ചിരുന്ന അഞ്ചുവയസുകാരിയായ മകളോട് ഇനി യാത്രയില്ലെന്ന് വിശദീകരിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ തനിക്ക് ദേഷ്യമില്ലെന്നും പുതിയ ജീവിതം ആരംഭിക്കാനുള്ള പ്രതീക്ഷ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
