തിരുവനന്തപുരം : വി.ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്കകം തന്നെ പാർട്ടിക്കുള്ളിൽ പുതിയ വിഭാഗീയ ചർച്ചകൾ സജീവമായി. പ്രത്യേകിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ പ്രതികരണവുമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധ നേടുന്നത്.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്തെ വസതിയിൽ നിന്ന് ചെന്നിത്തല പുറത്തേക്കുപോയത് രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിവച്ചു. പിന്നീട് നിയമസഭാ സമുച്ചയത്തിൽ ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമോയെന്ന കാര്യത്തിലും അനിശ്ചിതത്വം ഉയർന്നു. ചെന്നിത്തലയുടെ വിശ്വസ്തനായി കരുതപ്പെടുന്ന ജ്യോതികുമാർ ചാമക്കാല മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ, 'അദ്ദേഹം വീട്ടിലില്ല' എന്ന മറുപടി മാത്രമാണ് നൽകിയത്. മന്ത്രിസഭയിൽ ചേരുമോയെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി ഉണ്ടായില്ല. അതേസമയം താൻ മന്ത്രിസഭയിൽ ഉണ്ടായിരിക്കില്ല എന്ന കടുത്ത തീരുമാനം ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചതായാണ് വിവരം.
മുഖ്യമന്ത്രി പ്രഖ്യാപനം ടെലിവിഷൻ ചാനലുകളിൽ വന്നപ്പോൾ എംഎൽഎമാരായ ജ്യോതികുമാർ ചാമക്കാല, അൻവർ സാദത്ത്, ടി.ജെ വിനോദ് എന്നിവർ ചെന്നിത്തലയോടൊപ്പമുണ്ടായിരുന്നു.
ഇതിനിടെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കടുത്ത വിമർശനവുമായി രംഗത്തെത്തി. മുസ്ലിം ലീഗിന് വഴങ്ങി കോൺഗ്രസ് ഹൈക്കമാൻഡ് ജനാധിപത്യത്തെ 'കൊലപ്പെടുത്തിയെന്ന്' അദ്ദേഹം ആരോപിച്ചു.
'വി.ഡി. സതീശന്റെ യോഗ്യത ചോദ്യം ചെയ്യുന്നില്ല. പക്ഷേ എം.എൽ.എമാരുടെ അഭിപ്രായവും രമേശ് ചെന്നിത്തലയുടെ സീനിയോറിറ്റിയും അവഗണിച്ചാണ് തീരുമാനം. മുസ്ലിം ലീഗിന് മുന്നിൽ കോൺഗ്രസ് കീഴടങ്ങിയത് ദൗർഭാഗ്യകരമാണ്,' പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ചെന്നിത്തല സി.പി.പി യോഗത്തിൽ പങ്കെടുക്കാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, 'കോൺഗ്രസ് മൂല്യങ്ങളുടെ പിന്നോട്ടുപോക്കിൽ പ്രതിഷേധിച്ചായിരിക്കാം അദ്ദേഹം വിട്ടുനിന്നത്. കൂടുതൽ പേർ ഇനിയും അതൃപ്തി പ്രകടിപ്പിക്കും,' എന്നായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.
അതേസമയം മുസ്ലിം ലീഗിനെതിരെയും അദ്ദേഹം പരോക്ഷ വിമർശനം ഉന്നയിച്ചു. വിവിധ സമുദായങ്ങളിലെ ജനങ്ങളുടെ വോട്ടുകളിലൂടെയാണ് യു.ഡി.എഫ് വിജയിച്ചതെന്ന് ഓർമ്മിപ്പിച്ച സുകുമാരൻ നായർ, വിദ്യാഭ്യാസ വകുപ്പ് ലീഗിന് ലഭിച്ചാൽ സാമൂഹ്യനീതി പാലിക്കുമോയെന്ന ആശങ്കയും പ്രകടിപ്പിച്ചു.
ഇതിനൊപ്പം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതികരണവുമായി രംഗത്തെത്തി. സീനിയോറിറ്റിയും അനുഭവസമ്പത്തും കണക്കിലെടുത്ത് മുഖ്യമന്ത്രി പദം പ്രതീക്ഷിച്ചിരുന്ന ചെന്നിത്തലയ്ക്ക് നിരാശയുണ്ടാകുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പങ്കും ചർച്ചയാകുകയാണ്. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെ പ്രധാന തന്ത്രജ്ഞൻ വേണുഗോപാലാണെന്ന് വെളളാപ്പള്ളി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിലും പിന്നാമ്പുറ പ്രവർത്തനങ്ങളിലും അദ്ദേഹം നിർണായക പങ്കുവഹിച്ചുവെന്നും എന്നാൽ എം.പി സ്ഥാനം അദ്ദേഹത്തിന്റെ സാധ്യതകൾക്ക് തിരിച്ചടിയായിരിക്കാമെന്നും വെളളാപ്പള്ളി പറഞ്ഞു.
ഇതിനിടെ വേണുഗോപാൽ എതിരാളികളുടെ 'സ്വഭാവഹത്യാ' ക്യാംപെയിന്റെ ഇരയായിരുന്നുവെന്ന് കെ.സി. വേണുഗോപാലിന്റെ അനുയായി എന്നറിയപ്പെടുന്ന പഴകുളം മധു, ആരോപിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും ചില കേന്ദ്രങ്ങളിലൂടെയും സൃഷ്ടിക്കപ്പെട്ട പൊതുഭാവന ഹൈക്കമാൻഡ് തീരുമാനത്തെ സ്വാധീനിച്ചിരിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
മുഖ്യമന്ത്രി പ്രഖ്യാപനത്തോടെ യു.ഡി.എഫ് അധികാരത്തിലെത്തിയെങ്കിലും കോൺഗ്രസിനുള്ളിലെ വിഭാഗീയ ചർച്ചകൾ അവസാനിച്ചിട്ടില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. പുതിയ സർക്കാരിന്റെ സ്ഥിരതയ്ക്കും മുന്നണി ഐക്യത്തിനും ഈ അസ്വാരസ്യങ്ങൾ വെല്ലുവിളിയാകുമോ എന്നതാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ പുതിയ വിഭാഗീയ ചർച്ചകൾ; ചെന്നിത്തല അതൃപ്തിയിൽ ?
