ഒട്ടാവ: കാനഡയുടെ മുന്‍ ഒളിമ്പിക് ഫിഗര്‍ സ്‌കേറ്റര്‍ അലക്സാണ്ട്ര പോളിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ ട്രക്ക് ഡ്രൈവര്‍ക്കു രണ്ടര വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഒന്റാറിയോയിലെ ഓറഞ്ച്വില്‍ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.
ട്രക്ക് ഡ്രൈവറായ സുഖ്വിന്ദര്‍ സിദ്ധുവിന്റെ അപകടകരമായ ഡ്രൈവിംഗിനെ തുടര്‍ന്നാണ് മരണത്തിനും പരിക്കുകള്‍ക്കും കാരണമായതെന്ന് കുറ്റം സമ്മതിച്ചിരുന്നു. 2023 ഓഗസ്റ്റ് 22ന് ഒന്റാറിയോയിലെ മെലാങ്ക്തണ്‍ ടൗണ്‍ഷിപ്പില്‍ നടന്ന അപകടത്തിലാണ് 31-കാരിയായ അലക്സാണ്ട്ര പോള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
ശിക്ഷയ്ക്കൊപ്പം ഏഴ് വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതില്‍ നിന്ന് സിദ്ധുവിനെ വിലക്കുകയും ചെയ്തു. കോടതിയില്‍ ഇരകളുടെ കുടുംബാംഗങ്ങള്‍ ഹൃദയഭേദകമായ മൊഴികള്‍ നല്‍കിയതിനു പിന്നാലെയാണ് വിധി വന്നത്. സിദ്ധുവും കോടതിയില്‍ കണ്ണീരോടെ മാപ്പപേക്ഷിച്ചു.
കോടതിയില്‍ വായിച്ച വസ്തുതാപത്രം പ്രകാരം അമിതവേഗത്തില്‍ വന്ന ട്രക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലയില്‍ പ്രവേശിച്ച് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സ്ഥലത്ത് 60 കിലോമീറ്റര്‍ വേഗപരിധി സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ വ്യക്തമായി സ്ഥാപിച്ചിരുന്നതായും അപകടത്തിന് മുമ്പ് ട്രക്ക് ഏകദേശം 107 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്നും രേഖയില്‍ പറയുന്നു.
അപകടസമയത്ത് സിദ്ധു 26 മണിക്കൂറിലേറെ ജോലി ചെയ്തിരുന്നുവെന്നും അതില്‍ കുറഞ്ഞത് 16 മണിക്കൂര്‍ ഡ്രൈവിംഗ് ഉണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. മുമ്പും നിരവധി വേഗലംഘന കേസുകള്‍ സിദ്ധുവിനെതിരെ ഉണ്ടായിരുന്നുവെന്നും ജഡ്ജി നിരീക്ഷിച്ചു.
അലക്സാണ്ട്ര പോളിന്റെ മരണത്തിനിടയായ അപകടത്തില്‍ ഏഴ് വാഹനങ്ങളാണ് ഉള്‍പ്പെട്ടത്. പോളിന്റെ 10 മാസം പ്രായമുള്ള മകനുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കുഞ്ഞിന് കാലൊടിവുണ്ടായതായും കോടതി രേഖപ്പെടുത്തി.
ഐസ് ഡാന്‍സറായിരുന്ന അലക്സാണ്ട്ര പോള്‍ ഭര്‍ത്താവും പങ്കാളിയുമായ മിച്ചല്‍ ഇസ്ലാമിനൊപ്പം 2014ലെ ശൈത്യകാല ഒളിമ്പിക്‌സില്‍ കാനഡയെ പ്രതിനിധീകരിച്ചിരുന്നു. 2016ല്‍ വിരമിക്കുന്നതിന് മുമ്പ് അവര്‍ മൂന്ന് കാനഡന്‍ ചാമ്പ്യന്‍ഷിപ്പ് മെഡലുകളും നേടിയിരുന്നു.
കോടതിയില്‍ പോളിന്റെ കുടുംബാംഗങ്ങളും അപകടത്തില്‍ പരിക്കേറ്റവരും വികാരനിര്‍ഭരമായ മൊഴികള്‍ നല്‍കി. പോളിന്റെ മരണത്തോടെ കുടുംബത്തില്‍ വലിയ ശൂന്യതയുണ്ടായെന്നും മകന്‍ അമ്മയില്ലാതെ വളരേണ്ടിവരുന്നതാണ് ഏറ്റവും വേദനാജനകമെന്നും ഭര്‍ത്താവ് മിച്ചല്‍ ഇസ്ലാം പറഞ്ഞു.
അപകടദിവസത്തെക്കുറിച്ച് വിവരിച്ച ഇസ്ലാം കുടുംബ കോട്ടേജില്‍ നിന്നു ഭാര്യയും മകനും വീട്ടിലെത്താന്‍ കാത്തിരുന്നുവെന്ന് പറഞ്ഞു. അവര്‍ വൈകിയതോടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഐപാഡ് ഉപയോഗിച്ച് ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ റോഡ് അടച്ചിട്ടതായി കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
മകളുടെ ഭാവി അനന്തസാധ്യതകളാല്‍ നിറഞ്ഞതായിരുന്നുവെന്നും അഭിഭാഷകയായി കരിയര്‍ മുന്നേറുന്നതിനിടെയാണ് അവള്‍ കൊല്ലപ്പെട്ടതെന്നും അലക്സാണ്ട്രയുടെ പിതാവ് ഗോര്‍ഡന്‍ പോള്‍ പറഞ്ഞു.
ശിക്ഷ വിധിക്കുമ്പോള്‍ സിദ്ധുവിന്റെ വ്യക്തിപരമായ സാഹചര്യങ്ങളും കോടതി പരിഗണിച്ചു. മുന്‍ ക്രിമിനല്‍ റെക്കോര്‍ഡ് ഇല്ലാത്തതും കുടുംബബന്ധങ്ങള്‍ ശക്തമായതും അനുകൂല ഘടകങ്ങളായി കണക്കാക്കിയെങ്കിലും നിര്‍മാണമേഖലയിലെ അമിതവേഗവും മുന്‍ ട്രാഫിക് ലംഘനങ്ങളും ഗുരുതരമായ സാഹചര്യങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു.
വിധിക്ക് മുമ്പ് സിദ്ധു കോടതിയെ അഭിസംബോധന ചെയ്ത് ഇരകളോട് മാപ്പപേക്ഷിച്ചു. രണ്ട് കുട്ടികളുടെ പിതാവായ തനിക്ക് അമ്മയില്ലാതെ വളരേണ്ടി വരുന്ന പോളിന്റെ മകന്റെ വേദന മനസ്സിലാക്കാനാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
