അയഞ്ഞ് ചെന്നിത്തല; മന്ത്രിസഭയിൽ ആരുവേണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും

അയഞ്ഞ് ചെന്നിത്തല; മന്ത്രിസഭയിൽ ആരുവേണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും


തൃശൂർ: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് തന്നെ തഴഞ്ഞതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് ​ഗുരുവായൂരിലേക്ക് പോയ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഒടുവിൽ അയഞ്ഞു. ​ഗുരുവായൂരിലെത്തി നിർമാല്യം തൊഴുതതിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം, വി.ഡി.സതീശന് ആശംസകൾ നേരുന്നതായും യു.ഡി.എഫ് പ്രവർത്തകർ വി.ഡി.സതീശനൊപ്പം ഉണ്ടാവുമെന്നും പറഞ്ഞു. പത്ത് വ‌ർഷത്തെ ഇടത് ദുർഭരണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള  ജനവിധിയാണുണ്ടായത്. മന്ത്രിസഭയിൽ ആര് വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ചോദ്യത്തിന് മറുപടി നൽകി. 

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച രമേശ് ചെന്നിത്തല, കോൺ​ഗ്രസ് പാർ‌ലമെന്ററി പാർട്ടി യോ​ഗത്തിൽ പങ്കെടുക്കാതെയാണ് ​ഗുരുവായൂരിലെത്തിയത്. മാധ്യമങ്ങളോട് പ്രതികരിക്കാനും തയ്യാറായില്ല. ഏപ്പോഴും പാർട്ടിക്ക് വിധേയനായി പ്രവർത്തിച്ചിരുന്ന തന്നെ സീനിയോരിറ്റി പോലും പരി​ഗണിക്കാതെ തഴഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് അതൃപ്തി പ്രകടിപ്പിച്ചത്. ഇക്കാര്യം അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചതായാണ് സൂചന. ഇതേത്തുടർന്ന് ഉന്നത നേതാക്കൾ ഇടപെട്ടതിനെ തുടർന്നാണ് കടുത്ത നിലപാടിൽ അയവുവരുത്തിയതെന്നാണ് അറിയുന്നത്. വൈകാതെ മന്ത്രിസഭയിൽ അം​ഗമാകുന്നതിനായി നിയുക്ത മുഖ്യമന്ത്രി അദ്ദേഹത്തെ ക്ഷണിക്കുമെന്നും സൂചനയുണ്ട്.