തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ വെള്ളിയാഴ്ച കാവൽ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയനെ സന്ദർശിച്ചു. പുതിയ സർക്കാരിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച നടന്നത്. അതേസമയം, പുതിയ മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ ചർച്ചകൾക്കായി യു.ഡി.എഫ് നേതൃത്വയോഗവും ഇന്ന് ചേരും.
മേയ് 4ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസിൽ പത്ത് ദിവസത്തോളം നീണ്ട അനിശ്ചിതത്വത്തിനും ചർച്ചകൾക്കും ഒടുവിലായിരുന്നു എ.ഐ.സി.സി വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഇതോടെ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ രൂപീകരണ നടപടികൾക്ക് വേഗം കൂടി.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുണ്ടായിരുന്ന ഉൾപാർട്ടി ഭിന്നതകൾക്കിടെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും സതീശന് പിന്തുണ പ്രഖ്യാപിച്ചതോടെ പാർട്ടിയിൽ സമവായ നീക്കങ്ങൾ ശക്തമായി. സതീശനുമായുള്ള ബന്ധം വളരെ വ്യക്തിപരമാണെന്നും, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ മികച്ച പ്രവർത്തനം കാഴ്ചവെക്കുമെന്നുമാണ് ചെന്നിത്തല പ്രതികരിച്ചത്.
ഇതിനിടെ, യു.ഡി.എഫ് സഖ്യകക്ഷിയായ മുസ്ലിം ലീഗിനെതിരെ ഉയർന്ന വിമർശനങ്ങൾക്കും സതീശൻ മറുപടി നൽകി. സംസ്ഥാനത്ത് വർഗീയ ശക്തികൾക്കെതിരായ ശക്തമായ പ്രതിരോധമാണ് ഐ.യു.എം.എൽ എന്നും, ലീഗിനെ വർഗീയ പാർട്ടിയെന്ന് വിശേഷിപ്പിക്കുന്നത് കേരളത്തിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് വിഷയത്തിൽ ഐ.യു.എം.എൽ ഇടപെട്ടുവെന്ന ബി.ജെ.പി ആരോപണവും സതീശൻ തള്ളി. രാജ്യത്തും സംസ്ഥാനത്തും വിഭജന രാഷ്ട്രീയമാണ് ബി.ജെ.പി മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പിണറായിയെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ, മന്ത്രിസഭ ചർച്ചയ്ക്ക് ഇന്ന് യു.ഡി.എഫ് യോഗം
