ഷി ജിൻപിങിന്റെ 'റോസ് ഗിഫ്റ്റ്'; ബീജിംഗിൽ ട്രംപിന് അപൂർവ സ്വീകരണം, ആദ്യ ദിനത്തിൽ 'അപമാനം' നേരിട്ടോ എന്ന ചർച്ചയും

ഷി ജിൻപിങിന്റെ 'റോസ് ഗിഫ്റ്റ്'; ബീജിംഗിൽ ട്രംപിന് അപൂർവ സ്വീകരണം, ആദ്യ ദിനത്തിൽ 'അപമാനം' നേരിട്ടോ എന്ന ചർച്ചയും


ബീജിംഗ്:  അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചൈന സന്ദർശനത്തിന്റെ സമാപന ദിവസത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എത്തിയത് ഒരു പ്രത്യേക സമ്മാനവുമായാണ്. ബീജിംഗിലെ അതീവ സുരക്ഷയുള്ള 'ഷോങ്‌നാൻഹായ്' സമുച്ചയത്തിലേക്കാണ് ജിൻപിങ് ട്രംപിനെ കൂട്ടിക്കൊണ്ടുപോയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കേന്ദ്ര സർക്കാരിന്റെയും ഉന്നത നേതാക്കൾ താമസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഇടമാണ് ഇത്. സാധാരണ വിദേശ നേതാക്കൾക്ക് പ്രവേശനം ലഭിക്കാത്ത സ്ഥലമായതിനാൽ സന്ദർശനം ശ്രദ്ധ നേടി.

ഏകദേശം 1500 ഏക്കർ വ്യാപ്തിയുള്ള സമുച്ചയത്തിലെ ഉദ്യാനങ്ങൾ കണ്ട ട്രംപ് പ്രത്യേകിച്ച് അവിടെ കാണപ്പെട്ട റോസാപ്പൂക്കളിൽ ആകർഷിതനായി. 'ഇത്ര മനോഹരമായ റോസാപ്പൂക്കൾ താൻ കണ്ടിട്ടില്ലെന്നും വൈറ്റ് ഹൗസിലെ റോസ് ഗാർഡനിലേക്ക് ഇതിന്റെ വിത്തുകൾ ലഭിക്കുമോയെന്നു ചോദിച്ചെന്നും പ്രസിഡന്റ് സമ്മതിച്ചു,' എന്നുമാണ് ട്രംപ് പ്രതികരിച്ചത്. തുടർന്ന് ചൈനീസ് റോസയായ 'റോസ ചിനെൻസിസ്' ന്റെ വിത്തുകൾ വൈറ്റ് ഹൗസിലേക്ക് അയയ്ക്കാമെന്ന് ജിൻപിങ് അറിയിച്ചു.

അതേസമയം, ട്രംപിന്റെ ചൈന സന്ദർശനം തുടക്കം മുതൽ വിവാദങ്ങൾക്കും വഴിവെച്ചു. ബീജിംഗിൽ എത്തിയ ട്രംപിനെ സ്വീകരിക്കാൻ ചൈനീസ് വൈസ് പ്രസിഡന്റും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായിരുന്നു വിമാനത്താവളത്തിലെത്തിയത്. ജിൻപിങ് നേരിട്ട് സ്വീകരിക്കാനെത്താത്തത് ചൂണ്ടിക്കാട്ടി ചിലർ ട്രംപ് 'നയതന്ത്ര അപമാനം' നേരിട്ടു എന്നും വിശേഷിപ്പിച്ചു.

ട്രംപിനൊപ്പമുണ്ടായിരുന്ന അമേരിക്കൻ പ്രതിനിധി സംഘത്തിൽ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്ത്, വ്യവസായികളായ ഇലോൺ മസ്‌ക്, ടിം കുക്ക് എന്നിവർ ഉൾപ്പെട്ടിരുന്നു. എങ്കിലും ജിൻപിങ് വിമാനത്താവളത്തിൽ എത്താതിരുന്നത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി.

രാഷ്ട്രീയ നിരീക്ഷകൻ ബ്രയാൻ അലൻ ഉൾപ്പെടെയുള്ള ചിലർ, 'ചൈന അമേരിക്കയെ മൂന്നാം ലോക രാജ്യത്തെ പോലെയാണ് പരിഗണിക്കുന്നത്' എന്ന വിമർശനവുമായി രംഗത്തെത്തി. 2018ൽ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉനെ ജിൻപിങ് നേരിട്ട് വിമാനത്താവളത്തിൽ എത്തി സ്വീകരിച്ച ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രചരിച്ചു.

ഇതിനിടെ, അമേരിക്കൻ മാധ്യമപ്രവർത്തകരോടും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോടും ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഒരു വൈറ്റ് ഹൗസ് സഹായിയെ സുരക്ഷാ ഉദ്യോഗസ്ഥർ തള്ളിയിട്ടെന്ന ആരോപണവും ഉയർന്നു. എന്നാൽ ഇതുസംബന്ധിച്ച് ട്രംപ് ഭരണകൂടം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.