എല്ലാമന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞചെയ്യും; നാളെ ഘടകകക്ഷികളുമായി വീണ്ടും ചർച്ച

എല്ലാമന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞചെയ്യും; നാളെ ഘടകകക്ഷികളുമായി വീണ്ടും ചർച്ച


തിരുവനന്തപുരം:  പുതിയ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്ക് മുന്നോടിയായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും നാളെ ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10 മണിക്കാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ നാളെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

മുഖ്യമന്ത്രിയോടൊപ്പം എല്ലാ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു. 18ന് രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ചടങ്ങിൽ പങ്കെടുക്കണമെന്ന് അഭ്യർഥിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ഢശഷമ്യയ്ക്ക് ചീഫ് സെക്രട്ടറി കത്തയച്ചതായും അറിയിച്ചിട്ടുണ്ട്.

ഇന്നത്തെ യോഗത്തിൽ ഔദ്യോഗിക തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രാഥമിക ചർച്ചകളാണ് നടന്നതെന്ന് സി.എം.പി നേതാവ് സി.പി ജോണും വ്യക്തമാക്കി.

ഇതിനിടെ, മുൻ മന്ത്രി ജി.കാർത്തികേയന്റെ  ശാസ്തമംഗലത്തെ വീട്ടിലും  വി.ഡി. സതീശൻ സന്ദർശനം നടത്തി. കാർത്തികേയന്റെ ഭാര്യ സുലേഖയെ കണ്ടപ്പോൾ സതീശൻ ജി. കാർത്തികേയന്റെ ഓർമ്മയിൽ കണ്ണീരണിഞ്ഞു.'സാറല്ലേ എന്നെ എല്ലാം ആക്കിയത്, ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് സാറിനോടാണ്,' എന്ന് സതീശൻ പറഞ്ഞു.

'ചീഫ് മിനിസ്റ്റർ കരയരുത്, ചീഫ് മിനിസ്റ്റർ കരയാൻ പാടില്ല ' എന്ന് പറഞ്ഞ് സുലേഖ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. തുടർന്ന് കുടുംബാംഗങ്ങളുമായി സതീശൻ സൗഹൃദസംഭാഷണം നടത്തി. നടൻ ജഗദീഷും നിർമാതാവ് രഞ്ജിത്തും വീട്ടിലുണ്ടായിരുന്നു. എല്ലാവരോടും കുശലാന്വേഷണം നടത്തിയ ശേഷമാണ് സതീശൻ മടങ്ങിയത്.