ന്യൂഡൽഹി : ഇറാൻ ഒരിക്കലും ആണവായുധം ലക്ഷ്യമിട്ടിട്ടില്ലെന്നും രാജ്യത്തിന്റെ ആണവ പദ്ധതി സമാധാനപരമാണെന്നും ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറാഘ്ചി വ്യക്തമാക്കി. അമേരിക്കയുമായി നടക്കുന്ന ആണവ ചർച്ചകളിൽ സമ്പുഷ്ട യുറേനിയം വിഷയത്തിൽ താൽക്കാലിക പ്രതിസന്ധി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.
ന്യൂഡൽഹിയിൽ ബ്രിക്‌സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട യോഗങ്ങളിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അറാഘ്ചിയുടെ പ്രതികരണം. 2015ലെ ആണവ കരാറിൽ ഒപ്പുവെച്ചപ്പോഴേ ഇറാൻ ആണവായുധം വേണ്ടെന്ന നിലപാട് ലോകത്തിന് തെളിയിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.
'ഞങ്ങൾക്ക് സമാധാനപരമായ ആണവ പദ്ധതിയാണ് ഉള്ളത്. അതിൽ വിശ്വാസം ഉണ്ടാക്കാൻ എല്ലായ്‌പ്പോഴും തയ്യാറുമാണ്,' അറാഘ്ചി പറഞ്ഞു.
സമ്പുഷ്ട യുറേനിയം ശേഖരവുമായി ബന്ധപ്പെട്ട ചർച്ചകൾ അമേരിക്കയുമായുള്ള ചർച്ചകളിലെ ഏറ്റവും സങ്കീർണ വിഷയങ്ങളിലൊന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയം വളരെ സങ്കീർണമാണെന്നും, അതിനാൽ പിന്നീട് നടക്കുന്ന ചർച്ചകളിലേക്ക് മാറ്റിവയ്ക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായും അറാഘ്ചി വ്യക്തമാക്കി.
റഷ്യയുടെ സഹായം പിന്നീട് പരിഗണിക്കാമെന്നും, നിലവിൽ അതുസംബന്ധിച്ച ചർച്ചകളൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇന്ത്യ-ഇറാൻ ബന്ധത്തെക്കുറിച്ചും ചാബഹാർ തുറമുഖ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചും അറാഘ്ചി പരാമർശിച്ചു. ഇന്ത്യയും ഇറാനും തമ്മിലുള്ള സഹകരണത്തിന്റെ പ്രതീകമാണ് ചാബഹാർ തുറമുഖമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ ഉപരോധങ്ങൾ മൂലമുള്ള വെല്ലുവിളികൾക്കിടയിലും ഇന്ത്യ പദ്ധതി മുന്നോട്ട് കൊണ്ടുപോയത് പ്രശംസനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും ഇന്ത്യയ്ക്ക് പ്രവേശന കവാടമാകാൻ ചാബഹാർ തുറമുഖത്തിന് കഴിയുമെന്ന് അറാഘ്ചി പറഞ്ഞു. ഇന്ത്യയ്ക്ക് പശ്ചിമേഷ്യയിൽ സമാധാനവും നയതന്ത്ര സഹകരണവും ശക്തിപ്പെടുത്തുന്നതിൽ കൂടുതൽ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇറാൻ ആണവായുധം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല'; യുറേനിയം ചർച്ചകൾ താൽക്കാലികമായി നിർത്തിയെന്ന് സയ്യിദ് അബ്ബാസ് അറാഘ്ചി
