ഇറാൻ-അമേരിക്ക ചർച്ചയിൽ ഇന്ത്യക്ക് മധ്യസ്ഥപങ്ക് വഹിക്കാമെന്ന് സെർജി ലാവ്‌റോവ് ; പാകിസ്താന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് റഷ്യ

ഇറാൻ-അമേരിക്ക ചർച്ചയിൽ ഇന്ത്യക്ക് മധ്യസ്ഥപങ്ക് വഹിക്കാമെന്ന് സെർജി ലാവ്‌റോവ് ; പാകിസ്താന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് റഷ്യ


ന്യൂഡൽഹി:  ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷാവസ്ഥയിൽ ദീർഘകാല മധ്യസ്ഥനായി ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. ഡൽഹിയിൽ നടന്ന ബ്രിക്‌സ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇറാനും അമേരിക്കയും തമ്മിലുള്ള അടിയന്തര പ്രശ്‌നങ്ങൾ പരിഹരിക്കാൻ പാകിസ്താൻ സംഭാഷണങ്ങൾക്ക് സഹായം ചെയ്യുന്നുണ്ടെങ്കിലും, ദീർഘകാല വിശ്വസനീയ മധ്യസ്ഥനായി ഇന്ത്യയെ പരിഗണിക്കാമെന്ന് ലാവ്‌റോവ് വ്യക്തമാക്കി. ഇന്ത്യയുടെ വിപുലമായ നയതന്ത്ര പരിചയവും പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധവും ഇതിന് സഹായകരമാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇതിനിടെ, അമേരിക്ക-ഇറാൻ സംഘർഷത്തിൽ പാകിസ്താന്റെ നിഷ്പക്ഷതയെ കുറിച്ച് സംശയങ്ങൾ ശക്തമായിരിക്കുകയാണ്. ഇറാനിയൻ സൈനിക വിമാനങ്ങൾക്ക് പാകിസ്താനിലെ നൂർ ഖാൻ വ്യോമതാവളത്തിൽ താവളം അനുവദിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അമേരിക്കൻ വ്യോമാക്രമണങ്ങളിൽ നിന്ന് വിമാനങ്ങളെ സംരക്ഷിക്കാനായിരിക്കാം ഈ നീക്കമെന്നാണ് വിലയിരുത്തൽ.

കൂടാതെ, അമേരിക്കൻ നാവിക ഉപരോധം മറികടക്കാൻ ഇറാനിലേക്ക് അടിയന്തര ചരക്കുകൾ എത്തിക്കാൻ പാകിസ്താൻ ആറു കരമാർഗങ്ങളും തുറന്നുകൊടുത്തതായും റിപ്പോർട്ടുകളുണ്ട്. ഈ സംഭവങ്ങളാണ് പാകിസ്താന്റെ വിശ്വാസ്യതയെ കുറിച്ച് അമേരിക്കൻ ഭരണകൂടത്തിനുള്ളിൽ സംശയങ്ങൾ ഉയരാൻ കാരണമായത്.

അമേരിക്കൻ റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സി ഗ്രഹാമും അടുത്തിടെ പാകിസ്താനെ മധ്യസ്ഥനായി വിശ്വസിക്കാനാകുമോയെന്ന് ചോദ്യം ചെയ്തിരുന്നു.