ന്യൂഡൽഹി: നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ച കേസിൽ നിർണായക മുന്നേറ്റമായി രസതന്ത്ര പ്രഫസർ പി.വി. കുൽക്കർണിയെ സിബിഐ അറസ്റ്റ് ചെയ്തു. ചോർച്ചയ്ക്ക് പിന്നിലെ 'മുഖ്യ സൂത്രധാരൻ' ഇയാളാണ് എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പുണെയിൽ നിന്നാണ് കുൽക്കർണിയെ പിടികൂടിയത്.
ലാതൂരിലെ ദയാനന്ദ് മെഡിക്കൽ കോളജിലെ അധ്യാപകനായ കുൽക്കർണി ഈ വർഷത്തെ നീറ്റ്-യുജി ചോദ്യപേപ്പർ തയ്യാറാക്കിയ സമിതിയിലുണ്ടായിരുന്നുവെന്ന് സിബിഐ അറിയിച്ചു. ഏപ്രിൽ അവസാനവാരത്തിൽ ഔദ്യോഗിക പ്രവേശനം ഉപയോഗിച്ച് ചോദ്യപേപ്പർ കൈപ്പറ്റിയ ശേഷം ചിലർക്കായി ചോർത്തിയതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേസിൽ സഹപ്രതി മനീഷ വാഘ്മാരെയെയും സിബിഐ മേയ് 14ന് അറസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെ, കേസിലെ മറ്റൊരു പ്രതിയായ ധനഞ്ജയ് ലോക്ഹണ്ടെയെ ആറു ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. മനീഷ വാഘ്മാരെയിൽ നിന്ന് ലഭിച്ച ചോർന്ന ചോദ്യപേപ്പർ ശുഭം മധുകർ ഖൈർനാർ എന്ന പ്രതിക്കു കൈമാറിയതായാണ് സിബിഐ കോടതിയെ അറിയിച്ചത്.
ഏപ്രിൽ 24ന് ടെലഗ്രാം വഴി ചോദ്യപേപ്പറിന്റെ പിഡിഎഫ് പകർപ്പുകൾ പ്രചരിപ്പിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കാനും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനും പരീക്ഷാ ഏജൻസിയുമായി ബന്ധപ്പെട്ട മറ്റ് ആളുകളുടെ പങ്ക് കണ്ടെത്താനുമായി കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. പ്രത്യേക ജഡ്ജി അജയ് ഗുപ്ത പ്രതികളെ കസ്റ്റഡിയിൽ വിടണമെന്ന സിബിഐ ആവശ്യം അനുവദിച്ചു.
കേസുമായി ബന്ധപ്പെട്ട് മറ്റ് അഞ്ച് പ്രതികളും ഇപ്പോൾ സിബിഐ കസ്റ്റഡിയിലുണ്ട്. ഇവരെ മേയ് 22ന് വീണ്ടും കോടതിയിൽ ഹാജരാക്കും.
അതേസമയം, വിവാദങ്ങൾക്കിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നിർണായക പ്രഖ്യാപനം നടത്തി. അടുത്ത വർഷം മുതൽ നീറ്റ്-യുജി പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലായിരിക്കും നടത്തുക എന്ന് മന്ത്രി അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ മേയ് 3ലെ പരീക്ഷയ്ക്ക് പകരമായി ജൂൺ 21ന് പുനഃപരീക്ഷ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യമൊട്ടാകെ 22 ലക്ഷത്തിലേറെ വിദ്യാർഥികളെ ബാധിച്ച ചോദ്യപേപ്പർ ചോർച്ച സംഭവം ദേശീയ പരീക്ഷാ ഏജൻസിയായ എൻടിഎയ്‌ക്കെതിരെ വ്യാപക വിമർശനത്തിനിടയാക്കി. ദേശീയതല പ്രവേശന പരീക്ഷകളിൽ കൂടുതൽ കർശന സുരക്ഷാ സംവിധാനം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
നീറ്റ് -യുജി ചോദ്യപേപ്പർ ചോർച്ച: 'മുഖ്യ സൂത്രധാരൻ' അറസ്റ്റിൽ; പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനായി
