യുഎഇയിൽ മോഡിക്ക് രാജകീയ സ്വീകരണം; എഫ്16 പോർവിമാനങ്ങളുടെ അകമ്പടിയിൽ അബുദാബിയിലെത്തി

യുഎഇയിൽ മോഡിക്ക് രാജകീയ സ്വീകരണം; എഫ്16 പോർവിമാനങ്ങളുടെ അകമ്പടിയിൽ അബുദാബിയിലെത്തി


അബുദാബി:  യുഎഇ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അത്യപൂർവമായ സ്വീകരണം നൽകി യുഎഇ. മോഡി സഞ്ചരിച്ച പ്രത്യേക വിമാനം യുഎഇ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് പിന്നാലെ എഫ് 16 പോർവിമാനങ്ങൾ അകമ്പടിയായി എത്തി. അബുദാബി വിമാനത്താവളം വരെ യുഎഇ വ്യോമസേനയുടെ പോർവിമാനങ്ങൾ സുരക്ഷാ വലയമൊരുക്കി.

അബുദാബി വിമാനത്താവളത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. സ്വീകരണത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോഡി സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. നാല് യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിലേക്കുള്ള വിദേശ പര്യടനത്തിന്റെ ആദ്യഘട്ടമായാണ് മോഡി യുഎഇയിലെത്തിയത്.

യുഎഇ വ്യോമസേന നൽകിയ അകമ്പടി ഇന്ത്യയിലെ ജനങ്ങളോടുള്ള ആദരവിന്റെ പ്രതീകമാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായുള്ള കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു. കൂടിക്കാഴ്ച ഏറെ സന്തോഷം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

സന്ദർശനത്തിനിടെ പെട്രോളിയം, എൽപിജി വിതരണം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും യുഎഇയും പ്രധാന കരാറുകളിൽ ഒപ്പുവച്ചു. ഇരു രാജ്യങ്ങളുടെയും സാമ്പത്തികവാണിജ്യ സഹകരണം കൂടുതൽ ശക്തമാക്കുന്നതാണ് പുതിയ ധാരണകൾ എന്നാണ് വിലയിരുത്തൽ.