ടോക്യോ: ജപ്പാന്റെ വടക്കന്‍ ഭാഗമായ തോഹോകു മേഖലയില്‍ ശക്തമായ ഭൂചലനം. പ്രാഥമിക കണക്ക് പ്രകാരം റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. സുനാമി ഭീഷണിയില്ലെന്നും ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രാദേശിക സമയം രാത്രി 8.22ഓടെ മിയാഗി പ്രിഫെക്ചര്‍ തീരത്തോട് ചേര്‍ന്ന കടല്‍ഭാഗത്താണ് ഭൂചലനം ഉണ്ടായത്. 50 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. മിയാഗി പ്രവിശ്യയിലെ ടോമെ, ഒസാക്കി, ഇഷിനോമാക്കി നഗരങ്ങളില്‍ ജപ്പാന്റെ ഭൂചലന തീവ്രതാ സ്‌കെയിലില്‍ 'ലോവര്‍ 5' തീവ്രത രേഖപ്പെടുത്തി. സമീപ പ്രദേശങ്ങളായ മിയാഗിയിലും തീവ്രതയുള്ള കുലുക്കം അനുഭവപ്പെട്ടു.
ഭൂചലനത്തെ തുടര്‍ന്ന് പ്രദേശമൊട്ടാകെ അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിരവധി പ്രവിശ്യകളില്‍ ശക്തമായ കുലുക്കം അനുഭവപ്പെട്ടതോടെ റെയില്‍ ഗതാഗതവും താത്ക്കാലികമായി തടസപ്പെട്ടു.
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ടോക്യോ-ഷിന്‍ ആഒമോരി ഇടയിലുള്ള തോഹോകു ഷിന്‍കാന്‍സന്‍ സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെച്ചു.
കഴിഞ്ഞ ഏപ്രില്‍ 20ന് തോഹോകു മേഖലയില്‍ ഉണ്ടായ 7.7 തീവ്രതയുള്ള ശക്തമായ ഭൂചലനത്തിന് ശേഷം പ്രദേശത്തെ ബാധിക്കുന്ന ഏറ്റവും വലിയ ഭൂചലനമാണിത്. അന്നത്തെ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും ശക്തമായ ഭൂചലനങ്ങള്‍ വീണ്ടും ഉണ്ടാകാനിടയുണ്ടെന്ന അപൂര്‍വ ജാഗ്രതാ നിര്‍ദേശവും അധികൃതര്‍ പുറപ്പെടുവിച്ചിരുന്നു.
