ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ വര്‍ഷം അവസാനം റഷ്യ സന്ദര്‍ശിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അറിയിച്ചു. ഇന്ത്യയില്‍ നടന്ന ബ്രിക്‌സ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലാവ്റോവ്.
ന്യൂഡല്‍ഹിയുമായുള്ള ബന്ധത്തെ പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം എന്ന നിലയിലാണ് മോസ്‌കോ കാണുന്നതെന്നും വിവിധ മേഖലകളില്‍ സഹകരണം വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണം നിരവധി മേഖലകളിലായി വ്യാപിച്ചുകിടക്കുന്നതും സ്ഥിരതയോടെ വളരുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ ദേശീയ കറന്‍സികളിലേക്ക് മാറ്റുന്ന നടപടികളും പുരോഗമിക്കുകയാണെന്ന് ലാവ്റോവ് വ്യക്തമാക്കി.
ഡോളറിന്മേലുള്ള ആശ്രയം കുറച്ച് ദേശീയ കറന്‍സികളും ആഗോള ധനകാര്യ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യാത്ത രാജ്യങ്ങളുടെ കറന്‍സികളും ഉപയോഗിച്ചാണ് വ്യാപാര ഇടപാടുകള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ആവശ്യപ്പെടുന്ന എല്ലാ മേഖലകളിലും സഹകരണം വികസിപ്പിക്കാന്‍ റഷ്യ പൂര്‍ണമായും തയ്യാറാണെന്നും ഉഭയകക്ഷി ബന്ധത്തില്‍ വലിയ തടസ്സങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ലാവ്റോവ് പറഞ്ഞു.
വ്യാപാരം, ഊര്‍ജ്ജം, കണക്റ്റിവിറ്റി, തന്ത്രപ്രധാന സഹകരണം എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ത്യയും റഷ്യയും ദീര്‍ഘകാല പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലാവ്റോവിന്റെ പ്രതികരണം.
വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ലാവ്റോവിനെ സ്വീകരിച്ചിരുന്നു. യുക്രെയ്ന്‍ ഉള്‍പ്പെടെയുള്ള ആഗോള സംഘര്‍ഷങ്ങള്‍ക്കും പശ്ചിമേഷ്യയിലെ പ്രശ്നങ്ങള്‍ക്കും സമാധാനപരമായ പരിഹാരമാണ് ഇന്ത്യ പിന്തുണയ്ക്കുന്നതെന്ന് കൂടിക്കാഴ്ചയില്‍ മോഡി ആവര്‍ത്തിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേകവും തന്ത്രപ്രധാനവുമായ പങ്കാളിത്തം സംബന്ധിച്ച പുരോഗതിയെക്കുറിച്ചുള്ള വിശദീകരണം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
2025 ഡിസംബറില്‍ നടന്ന 23-ാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിക്കുശേഷമുള്ള ഉഭയകക്ഷി സഹകരണ പുരോഗതികളും ലാവ്റോവ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
യുക്രെയ്ന്‍, പശ്ചിമേഷ്യ തുടങ്ങിയ അന്താരാഷ്ട്ര വിഷയങ്ങളിലെയും നിലവിലെ സാഹചര്യങ്ങളിലെയും അഭിപ്രായങ്ങള്‍ ഇരുനേതാക്കളും കൈമാറി. എല്ലാ സംഘര്‍ഷങ്ങള്‍ക്കും സമാധാനപരമായ പരിഹാരമാണ് ഇന്ത്യയുടെ നിലപാടെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
