ബീജിംഗില്‍ നിന്ന് മടങ്ങും മുന്‍പ് ചൈന നല്‍കിയ ഫോണുകളും ബാഡ്ജുകളും ഉപേക്ഷിച്ച് ട്രംപ് സംഘം

ബീജിംഗില്‍ നിന്ന് മടങ്ങും മുന്‍പ് ചൈന നല്‍കിയ ഫോണുകളും ബാഡ്ജുകളും ഉപേക്ഷിച്ച് ട്രംപ് സംഘം


ബീജിംഗ്: സുരക്ഷാ ജാഗ്രതയുടെ പേരില്‍ ചൈന നല്‍കിയ ഉപകരണങ്ങളും സാമഗ്രികളും ട്രംപ് സംഘം ചൈനയില്‍ തന്നെ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് അധികൃതര്‍ നല്‍കിയ പ്രസ് പാസ്, പ്രതിനിധി സംഘത്തിന്റെ ബാഡ്ജുകള്‍, വൈറ്റ് ഹൗസ് ജീവനക്കാര്‍ക്ക് നല്‍കിയ 'ബര്‍ണര്‍ ഫോണുകള്‍' തുടങ്ങി എല്ലാ വസ്തുക്കളും  എയര്‍ഫോഴ്സ് വണ്ണില്‍ കയറുന്നതിന് മുമ്പ് ഉപേക്ഷിക്കുകയായിരുന്നു. 

ചൈന നല്‍കിയ വസ്തുക്കളെല്ലാം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ച് വിമാനത്തിന്റെ പടിക്കെട്ടിന് സമീപമുള്ള മാലിന്യക്കൊട്ടയിലേക്ക് വലിച്ചെറിയുകയായിരുന്നു. അമേരിക്കയിലേക്ക് മടങ്ങുന്ന വിമാനത്തിലേക്ക് ചൈനയില്‍ നിന്നുള്ള യാതൊരു ഉപകരണവും കൊണ്ടുപോകാന്‍ അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ പുറമേ സൗഹൃദാന്തരീക്ഷമാണ് പ്രകടമാക്കിയതെങ്കിലും ബീജിംഗിലെ ഉച്ചകോടിക്കിടെ അമേരിക്കന്‍- ചൈനീസ് മാധ്യമ പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ട്രംപും ഷി ജിന്‍പിംഗും തമ്മിലുള്ള കൂടിക്കാഴ്ച നടന്ന ടെംപിള്‍ ഓഫ് ഹെവന്‍ സമുച്ചയത്തിലേക്ക് പ്രവേശിക്കുന്നതിനിടെ അമേരിക്കന്‍ മാധ്യമ സംഘത്തോടൊപ്പമുണ്ടായിരുന്ന യു എസ് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥനെ ചൈനീസ് സുരക്ഷാ വിഭാഗം തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷാ ചട്ടപ്രകാരം അദ്ദേഹത്തിന്റെ കൈവശം ആയുധമുണ്ടായിരുന്നതാണ് ഇതിന് കാരണം.

ട്രംപ് ബീജിംഗില്‍നിന്ന് മടങ്ങുന്നതിനിടെയും പ്രശ്‌നങ്ങള്‍ തുടരുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രസിഡന്റിന്റെ വാഹനവ്യൂഹത്തെ അനുഗമിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചൈനീസ് അധികൃതര്‍ തടസ്സം സൃഷ്ടിച്ചുവെന്നാണ് ആരോപണം.

അമേരിക്കന്‍ മാധ്യമ സംഘത്തോടൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സുരക്ഷാ ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ട് നീങ്ങിയാണ് റിപ്പോര്‍ട്ടിംഗ് തുടരാന്‍ സാഹചര്യമൊരുക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.