വിദേശ യാത്രയ്ക്ക് നികുതിയെന്ന റിപ്പോര്‍ട്ട് തള്ളി മോഡി

വിദേശ യാത്രയ്ക്ക് നികുതിയെന്ന റിപ്പോര്‍ട്ട് തള്ളി മോഡി


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വിദേശ യാത്രകള്‍ക്ക് നികുതി, സെസ് അല്ലെങ്കില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുവെന്ന വാര്‍ത്ത പൂര്‍ണമായും വ്യാജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി. ഇത്തരം ഒരു നീക്കത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് ശക്തമായ മറുപടിയുമായാണ് അദ്ദേഹം രംഗത്തെത്തിയത്.

പശ്ചിമേഷ്യയിലെ സംഘര്‍ഷവും ക്രൂഡ് ഓയില്‍ വിലവര്‍ധനവും മൂലം രാജ്യത്തിന് നേരിടേണ്ടി വരുന്ന സാമ്പത്തിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി വിദേശ യാത്രകള്‍ക്ക് താത്ക്കാലിക നികുതി ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നായിരുന്നു സി എന്‍ ബി സി ടി വി18 റിപ്പോര്‍ട്ട് ചെയ്തത്. ഉന്നതതല ചര്‍ച്ചകളില്‍ ഈ നിര്‍ദേശം പരിഗണനയിലാണെന്നും ഇതിലൂടെ ലഭിക്കുന്ന വരുമാനം സംസ്ഥാനങ്ങളുമായി പങ്കിടുന്ന നികുതി പൂളിലേക്കല്ല നേരിട്ട് കേന്ദ്ര സര്‍ക്കാരിലേക്കായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

ഒരു വര്‍ഷത്തേക്ക് സെസ് അല്ലെങ്കില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി ഇറക്കുമതി ചെലവും ഊര്‍ജ ചെലവും നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ അവകാശവാദം.

ഇതിന് പിന്നാലെ സമൂഹമാധ്യമമായ എക്സിലൂടെ പ്രതികരിച്ച പ്രധാനമന്ത്രി അക്കാര്യം പൂര്‍ണമായും വ്യാജമാണെന്നും ഒട്ടും സത്യമില്ലെന്നും വിദേശ യാത്രകള്‍ക്ക് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചോദ്യമേ ഇല്ലെന്നും കുറിച്ചു.

തുടര്‍ന്ന് മാധ്യമ സ്ഥാപനം റിപ്പോര്‍ട്ട് പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. 

സെക്കന്തരാബാദില്‍ നടന്ന പൊതുപരിപാടിയില്‍ ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത് ഇറക്കുമതിയിലുള്ള ആശ്രയം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

സാധ്യമാകുന്നിടത്ത് വീട്ടില്‍ നിന്ന് ജോലി ചെയ്യുക, ഇന്ധന ഉപയോഗം കുറയ്ക്കുക, അനാവശ്യ വിദേശ യാത്രകള്‍ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കുക, സ്വദേശി ഉത്പന്നങ്ങള്‍ ഉപയോഗിക്കുക, ഭക്ഷ്യഎണ്ണയുടെ ഉപയോഗം കുറയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. പ്രകൃതി സൗഹൃദ കൃഷിരീതികളിലേക്ക് മാറി രാസവള ഇറക്കുമതി കുറയ്ക്കണമെന്നും പരിസ്ഥിതി സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്രൂഡ് ഓയില്‍, ഭക്ഷ്യഎണ്ണ, രാസവളങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതിനായി ഇന്ത്യ വന്‍ തോതില്‍ വിദേശ നാണയം ചെലവഴിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പൊതുഗതാഗതം കൂടുതല്‍ ഉപയോഗിക്കാനും കാര്‍പൂളിംഗ് പ്രോത്സാഹിപ്പിക്കാനും വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനും ചരക്ക് ഗതാഗതത്തിന് റെയില്‍വേയെ കൂടുതല്‍ ആശ്രയിക്കാനുമാണ് ജനങ്ങളോട് അഭ്യര്‍ഥിച്ചത്.