കൊച്ചി: റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) പക്കൽ നിന്ന് പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരിച്ചു. കോൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. വേടൻ ധരിച്ചിരുന്നത് പുലിപ്പല്ല് തന്നെയാണെന്ന് വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇതേത്തുടർന്നാണ് കൂടുതൽ പരിശോധനയ്ക്കായി സുവോളജി ലാബിലേക്ക് അയച്ചത്. ഇതോടെ കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും.
കഴിഞ്ഞ വർഷം ഏപ്രിലിൽ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ 9 ഗ്രാം കഞ്ചാവുമായി വേടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് വേടൻ ധരിച്ചിരുന്ന പുലിപ്പല്ല് കെട്ടിയ മാല പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് ഇക്കാര്യം വനംവകുപ്പിനെ അറിയിക്കുകയും വനംവകുപ്പ് ഫ്ലാറ്റിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ, 2022ൽ ചെന്നൈയിൽ നടന്ന പരിപാടിക്കിടെ ശ്രീലങ്കൻ വംശജനായ രഞ്ജിത്ത് എന്ന ആരാധകൻ സമ്മാനിച്ചതെന്നാണ് വേടൻ മൊഴി നൽകിയിട്ടുള്ളത്. രഞ്ജിത്തുമായി സമൂഹ മാധ്യമം വഴിയാണ് ബന്ധമെന്നും വേടൻ പറയുന്നു. മൂന്ന് വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വേടനെതിരേ ചുമത്തിയിരിക്കുന്നത്.
റാപ്പർ വേടൻ ധരിച്ചിരുന്നത് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; കുറ്റപത്രം ഉടൻ
