തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കിടെ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിരുന്ന രമേശ് ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാമതും നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായതായി സൂചന. എന്നാൽ ഇക്കാര്യം കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
24 മണിക്കൂറിനിടെ രണ്ടാം തവണയാണ് വി.ഡി. സതീശൻ ചെന്നിത്തലയെ വഴുതക്കാട്ടെ വീട്ടിലെത്തി കാണുന്നത്. തന്റെ അനുയായികളായ അൻവർ സാദത്തിനും ഐ.സി. ബാലകൃഷ്ണനും മന്ത്രിസഭയിൽ പ്രധാന വകുപ്പുകൾ നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വി.ഡി. സതീശൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും സന്ദർശിച്ചു. മുഖ്യമന്ത്രിയായി സതീശനെ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച ഏകദേശം 20 മിനിറ്റ് നീണ്ടു.
കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിച്ച കെ.സി. വേണുഗോപാൽ, മുഖ്യമന്ത്രി സ്ഥാനത്തെ ചർച്ചകൾക്ക് ഇനി പ്രസക്തിയില്ലെന്ന് വ്യക്തമാക്കി. പാർട്ടിയുടെ തീരുമാനങ്ങൾക്കൊപ്പമെന്ന നിലപാടിലാണ് താനെന്നും, കേരളത്തിലെ പുതിയ കോൺഗ്രസ് സർക്കാരിനോട് ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ പ്രശ്‌നപരിഹാരമാണ് സർക്കാരിന്റെ പ്രധാന ദൗത്യമെന്നും അതിന് പൂർണ പിന്തുണ നൽകുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
ലീഗ് നേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷമാണ് വി.ഡി. സതീശൻ ചെന്നിത്തലയെ കാണാൻ എത്തിയത്. ആഭ്യന്തര വകുപ്പ് ലഭിച്ചാൽ മാത്രമേ മന്ത്രിസഭയിൽ ചേരൂ എന്ന നിലപാട് ചെന്നിത്തല നേരത്തേ വ്യക്തമാക്കിയിരുന്നു.
ആഭ്യന്തര വകുപ്പ് ചെന്നിത്തലയ്ക്ക് നൽകിയേക്കും; സതീശനുമായി ധാരണയായതായി സൂചന
