ഐ.എസ് ഭീകരൻ അബു ബിലാ‍ൽ അൽ മിനൂക്കിയെ വധിച്ചെന്ന് ട്രംപ്

ഐ.എസ് ഭീകരൻ അബു ബിലാ‍ൽ അൽ മിനൂക്കിയെ വധിച്ചെന്ന് ട്രംപ്


വാഷിം​ഗ്ടൺ: ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്) രണ്ടാമത്തെ തലവൻ അബു ബിലാൽ അൽ മിനൂക്കിയെ വധിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസ്, നൈജീരിയൻ സേനകളുടെ സംയുക്ത ഓപ്പറേഷനിൽ നൈജരിയയിൽ വച്ചാണ് മിനൂക്കി കൊല്ലപ്പെട്ടത്. ആഫ്രിക്കയിൽ ഒളിവിൽ കഴിയുന്നതിനിടെ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംയുക്ത സേന അബു ബിലാലിനെ വകവരുത്തിയത്. അമേരിക്കയെ ലക്ഷ്യമാക്കി ആഫ്രിക്കയിൽ തീവ്രവാദം വളർ‌ത്താൻ അയാൾ ഇനിയില്ലെന്നും ട്രംപ് പറഞ്ഞു. 

ആഫ്രിക്കയിൽ എന്നും ഒളിവിൽ കഴിയാമെന്നാണ് മിനൂക്കി കരുതിയിരുന്നത്. എന്നാൽ, അയാൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഞങ്ങളെ അറിയിക്കുന്നവർ അവിടെയുണ്ടെന്ന് അയാൾ അറിഞ്ഞിരുന്നില്ല. അയാളെ ഇല്ലാതാക്കിയതിലൂടെ ഐ.എസിന്റെ ആ​ഗോള പ്രവർത്തനങ്ങൾക്ക് ആഘാതമുണ്ടാക്കാനായി- ട്രംപ് പറഞ്ഞു.