ജയ്പൂർ: നീറ്റ് -യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് പരീക്ഷ റദ്ദാക്കിയ സംഭവത്തിന്റെ ആഘാതത്തിൽ രാജസ്ഥാനിൽ മറ്റൊരു മെഡിക്കൽ പ്രവേശന പരീക്ഷാർഥി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ജുൻജുനു ജില്ലയിലെ ഗുഡ്ഢ ഗൗഡ്ജി സ്വദേശിയായ പ്രദീപ് മേഘ്വാൾ (21) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി സികാറിൽ സ്വകാര്യ കോച്ചിങ് സ്ഥാപനത്തിൽ പഠനം നടത്തി വരികയായിരുന്നു.
പോലീസിന്റെ വിവരമനുസരിച്ച്, സഹോദരിയുടെ ഷാൾ ഉപയോഗിച്ച് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് പ്രദീപിനെ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഇളയ സഹോദരി കോച്ചിങ്ങിനും മൂത്ത സഹോദരി കുളിക്കാനുമായി പോയ സമയത്താണ് സംഭവം നടന്നത്. തിരികെ എത്തിയ സഹോദരി പ്രദീപിനെ തൂങ്ങിയ നിലയിൽ കണ്ടതോടെ ഷാൾ മുറിച്ചിറക്കി വീട്ടുടമയെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ബന്ധുക്കളും പോലീസും ചേർന്ന് സികാറിലെ എസ്.കെ. ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മേയ് 3ന് നടന്ന നീറ്റ്-യുജി 2026 പരീക്ഷയിൽ പ്രദീപ് പങ്കെടുത്തിരുന്നു. 720ൽ ഏകദേശം 650 മാർക്ക് ലഭിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു വിദ്യാർഥിയെന്ന് പിതാവ് രാജേഷ് കുമാർ മേഘ്വാൾ പോലീസിനോട് പറഞ്ഞു. ഈ വർഷം സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനം ഉറപ്പാണെന്ന വിശ്വാസത്തിലായിരുന്നുവെന്നും പരീക്ഷ റദ്ദാക്കിയതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും സംബന്ധിച്ച ആരോപണങ്ങളെ തുടർന്ന് രാജ്യത്താകമാനം 22 ലക്ഷത്തിലധികം വിദ്യാർഥികൾ എഴുതിയ നീറ്റ്-യുജി 2026 പരീക്ഷ ദേശീയ പരീക്ഷ ഏജൻസി ഈ ആഴ്ച റദ്ദാക്കിയിരുന്നു. പുനഃപരീക്ഷ ജൂൺ 21ന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചിരുന്നു. അടുത്ത വർഷം മുതൽ പരീക്ഷ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്, നീറ്റ് പരീക്ഷ റദ്ദാക്കലും പേപ്പർ ലീക്ക് വിവാദവും വിദ്യാർഥികളിൽ വലിയ ആശങ്ക സൃഷ്ടിച്ചുവെന്ന് പ്രതികരിച്ചു. പ്രദീപിന്റെ മരണം അതീവ വേദനാജനകമാണെന്നും ഗോവയിലും ഉത്തർപ്രദേശിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം എക്‌സിലെ കുറിപ്പിൽ വ്യക്തമാക്കി.
ഇതിനിടെ, പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സമാന ആത്മഹത്യാ വാർത്തകളും പുറത്തുവരുന്നുണ്ട്. ഡൽഹിയിലെ ആസാദ്പൂരിൽ 20കാരിയായ ഒരു വിദ്യാർഥിനി ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ 21കാരനായ രിതിക് മിശ്രയും പരീക്ഷ റദ്ദാക്കിയതിലെ നിരാശയെ തുടർന്ന് ആത്മഹത്യ ചെയ്തതായി കുടുംബം ആരോപിച്ചു. മൂന്നാം ശ്രമത്തിൽ പരീക്ഷ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറഞ്ഞത്.
ദക്ഷിണ ഗോവയിലെ 17കാരനായ വിദ്യാർഥിയും നീറ്റ് പരീക്ഷയെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദം കാരണം ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുണ്ട്. പഠനവും ഹോക്കി പരിശീലനവും ഒരുമിച്ച് മന്നോട്ടുകൊണ്ടുപോകുന്നതിലുള്ള ആശങ്കകൾ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു.
നീറ്റ് പരീക്ഷ റദ്ദാക്കൽ വിവാദം; രാജസ്ഥാനിൽ മറ്റൊരു വിദ്യാർഥി ആത്മഹത്യ ചെയ്തു
