'ചൈനക്കെതിരെ അമേരിക്കയും ശക്തമായി ചാരപ്രവർത്തനം നടത്തുന്നു'; ഷിയോട് പറഞ്ഞതായി ട്രംപ്

'ചൈനക്കെതിരെ അമേരിക്കയും ശക്തമായി ചാരപ്രവർത്തനം നടത്തുന്നു'; ഷിയോട് പറഞ്ഞതായി ട്രംപ്


വാഷിംഗ്ടൺ: ബെയ്ജിങ് സന്ദർശനത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ അമേരിക്കയുടെ ചാരപ്രവർത്തനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനക്കെതിരേ അമേരിക്ക ശക്തമായ ചാരവലയം നടത്തുന്നുണ്ടെന്നും ചൈനക്കുപോലും അറിയാത്ത നിരവധി കാര്യങ്ങൾ അമേരിക്ക ചെയ്യുന്നതായും ട്രംപ് വെളിപ്പെടുത്തി. ബെയ്ജിങ്ങിൽ നിന്ന് വാഷിങ്ടണിലേക്കുള്ള എയർഫോഴ്‌സ് വൺ യാത്രയ്ക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു പരാമർശം.

ചൈനയുടെ സൈബർ ആക്രമണങ്ങളെക്കുറിച്ച് ഷിയോട് ചോദിച്ചോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ പ്രതികരണം. 'അത് ഞാൻ ചോദിച്ചു. അതിന് മറുപടിയായി ചൈനയിൽ അമേരിക്ക നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അവർ ചെയ്യുന്നതുപോലെ ഞങ്ങളും ചെയ്യുന്നു. ചൈനക്കെതിരെ ഞങ്ങളും ശക്തമായി ചാരപ്രവർത്തനം നടത്തുന്നുണ്ട്,' ട്രംപ് പറഞ്ഞു.

'ചൈനക്കുപോലും അറിയാത്ത നിരവധി കാര്യങ്ങൾ അമേരിക്ക അവർക്കെതിരെ ചെയ്യുന്നു എന്നാണ് ഞാൻ ഷിയോട് പറഞ്ഞത്,' എന്നും ട്രംപ് കൂട്ടിച്ചേർത്തു. പിന്നീട് വിശദീകരണം തേടിയപ്പോൾ, 'ഞാൻ ചാരപ്രവർത്തനത്തെക്കുറിച്ചാണ് പറഞ്ഞത്. ചൈന അമേരിക്കയെ ചാരപ്പണി ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ഞങ്ങളും അവരെ ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഞാൻ മറുപടി നൽകി,' എന്നായിരുന്നു ട്രംപിന്റെ വിശദീകരണം.

അമേരിക്കൻ നിർണായക അടിസ്ഥാന സൗകര്യങ്ങളിലേക്ക് ചൈന രഹസ്യമായി ദോഷകരമായ കോഡുകൾ കടത്തിവിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനും ട്രംപ് പ്രതികരിച്ചു. 'അത് ഉറപ്പിച്ച് പറയാൻ കഴിയില്ല. പക്ഷേ അത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ല,' അദ്ദേഹം പറഞ്ഞു.

'നിങ്ങൾ ഞങ്ങളോട് ചില കാര്യങ്ങൾ ചെയ്യുന്നു, അതിനെക്കുറിച്ച് ഞങ്ങൾക്ക് അറിവുണ്ടാകാം. അതുപോലെ ഞങ്ങളും നിങ്ങളോട് പല കാര്യങ്ങളും ചെയ്യുന്നു; അതിനെക്കുറിച്ച് നിങ്ങൾക്കറിയില്ലായിരിക്കും,' എന്നാണ് ഷിയോട് പറഞ്ഞതെന്നും ട്രംപ് വ്യക്തമാക്കി. 'ഇത് ഇരുവശവും മുറിക്കുന്ന വാളുപോലെയാണ്,' എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ട്രംപ് പൊതുവേദിയിൽ ആശങ്കയില്ലാത്ത നിലപാട് സ്വീകരിച്ചിരുന്നെങ്കിലും യാത്രയ്ക്കിടെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ശക്തമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ. ചൈനയിൽ നൽകിയ ബാഡ്ജുകൾ, ഉപകരണങ്ങൾ, മറ്റ് ഇലക്ട്രോണിക് സാധനങ്ങൾ എന്നിവ വിമാനത്തിലേക്ക് തിരിച്ചുകയറുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ ശേഖരിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.

യാത്രയ്ക്കിടെ താൽക്കാലിക 'ബർണർ ഫോണുകൾ' ഉപയോഗിക്കാനും ചില ഉദ്യോഗസ്ഥരോട് വ്യക്തിഗത ഉപകരണങ്ങൾ ഒഴിവാക്കാനും നിർദേശം നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു. ഉപയോഗിച്ച ഫോണുകൾ പിന്നീട് നശിപ്പിക്കാനും നിർദേശമുണ്ടായിരുന്നുവെന്നാണ് വിവരം.

'ചൈനയിൽ നിന്ന് ലഭിച്ച ഒന്നും വിമാനത്തിനുള്ളിൽ അനുവദിച്ചില്ല,' എന്നാണ് വൈറ്റ് ഹൗസ് റിപ്പോർട്ടർമാരിൽ ഒരാൾ വെളിപ്പെടുത്തിയത്.