വിജയ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾക്ക് ഗവർണറുടെ അംഗീകാരം; ആഭ്യന്തരം ഉൾപ്പെടെ പ്രധാന വകുപ്പുകൾ മുഖ്യമന്ത്രിക്ക്

വിജയ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾക്ക് ഗവർണറുടെ അംഗീകാരം; ആഭ്യന്തരം ഉൾപ്പെടെ പ്രധാന വകുപ്പുകൾ മുഖ്യമന്ത്രിക്ക്


ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നയിക്കുന്ന പുതിയ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുവിതരണത്തിന് ഗവർണർ രാജേന്ദ്ര ആർലേക്കർ അംഗീകാരം നൽകി. രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് വിവിധ മന്ത്രിമാർക്ക് നൽകിയ വകുപ്പുകൾ വ്യക്തമാക്കിയത്.

മുഖ്യമന്ത്രി വിജയ് പൊതുഭരണം, ജനറൽ അഡ്മിനിസ്‌ട്രേഷൻ, പൊലീസ്, വനിതാ-യുവജന ക്ഷേമം, ശിശുക്ഷേമം, മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം, നഗരസഭ ഭരണം, നഗര കുടിവെള്ള വിതരണം തുടങ്ങിയ സുപ്രധാന വകുപ്പുകൾ നേരിട്ട് കൈകാര്യം ചെയ്യും.

കെ.എ. ചെങ്കോട്ടയ്യന് ധനകാര്യ വകുപ്പും കെ.ജി. അരുൺ രാജിന് ആരോഗ്യ വകുപ്പും ലഭിച്ചു. പി. വെങ്കിട്ടരാമന് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ചുമതല നൽകിയപ്പോൾ, ആദവ് അർജുന് പൊതുമരാമത്തും കായികവകുപ്പും ലഭിച്ചു.

എസ്. കീർത്തനയ്ക്ക് വ്യവസായ വകുപ്പും ആർ. നിർമൽ കുമാറിന് ഊർജ-നിയമ വകുപ്പുകളും രാജ്‌മോഹന് സ്‌കൂൾ വിദ്യാഭ്യാസ വകുപ്പും ടി.കെ. പ്രഭുവിന് പ്രകൃതിവിഭവ വകുപ്പും നൽകി.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ആദ്യ മത്സരത്തിൽ തന്നെ ശ്രദ്ധേയ മുന്നേറ്റമാണ് നടത്തിയത്. 234 സീറ്റുകളിൽ 108 സീറ്റുകൾ നേടി പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. അതേസമയം, സംസ്ഥാന രാഷ്ട്രീയത്തിൽ ദീർഘകാലമായി ആധിപത്യം പുലർത്തിയിരുന്ന ഡിഎംകെയും അണ്ണാഡിഎംകെയും വലിയ തിരിച്ചടിയാണ് നേരിട്ടത്.

ടിവികെയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ, മുസ്ലിം ലീഗ് എന്നീ കക്ഷികൾ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിജയ് സർക്കാർ രൂപീകരണത്തിന് വഴിയൊരുങ്ങിയത്.