ലൈംഗിക പീഡനം; കേന്ദ്രമന്ത്രിയുടെ മകനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ലൈംഗിക പീഡനം; കേന്ദ്രമന്ത്രിയുടെ മകനെതിരെ ലുക്ക്ഔട്ട് നോട്ടീസ്


ഹൈദരാബാദ്: കേന്ദ്രമന്ത്രി സഞ്ജയ് കുമാറിന്റെ മകന്‍ ബന്ദി സായ് ഭഗീരഥിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് നടപടി.

ഇയാളെ കണ്ടെത്താനായി പൊലീസ് തെരച്ചില്‍ നടത്തുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രതി രാജ്യം വിടുന്നത് തടയാനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

മേയ് 8നാണ് ബന്ദി സായ് ഭഗീരഥിനെതിരെ 17കാരിയായ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഭഗീരഥിന് തന്റെ മകളുമായി ബന്ധമുണ്ടെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതിയില്‍ ആരോപിച്ചിരുന്നത്. പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരെ ഭഗീരഥും പരാതി നല്‍കിയിരുന്നു.

തന്നെ കുടുംബ പരിപാടികളിലേക്ക് പെണ്‍കുട്ടി ക്ഷണിച്ചിരുന്നുവെന്നും പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹം കഴിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും നിരസിച്ചപ്പോള്‍ മാതാപിതാക്കള്‍ പണം വാഗ്ദാനം ചെയ്‌തെന്നും അനുസരിച്ചില്ലെങ്കില്‍ വ്യാജ പരാതികള്‍ നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭഗീരഥ് പറയുന്നു.