വെള്ളി ഇറക്കുമതിക്ക് കേന്ദ്രത്തിന്റെ കടുത്ത നിയന്ത്രണം; രണ്ട് വിഭാഗം സിൽവർ ബാറുകൾക്ക് മുൻകൂർ അനുമതി നിർബന്ധം

വെള്ളി ഇറക്കുമതിക്ക് കേന്ദ്രത്തിന്റെ കടുത്ത നിയന്ത്രണം; രണ്ട് വിഭാഗം സിൽവർ ബാറുകൾക്ക് മുൻകൂർ അനുമതി നിർബന്ധം


ന്യൂഡൽഹി: വെള്ളിയുടെ ഇറക്കുമതി നിയന്ത്രണം കൂടുതൽ ശക്തമാക്കി കേന്ദ്ര സർക്കാർ. ചില വിഭാഗം സിൽവർ ബാറുകളുടെ ഇറക്കുമതി 'ഫ്രീ' വിഭാഗത്തിൽ നിന്ന് 'റിസ്ട്രിക്ടഡ്' വിഭാഗത്തിലേക്ക് മാറ്റിയതായി വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറൽ (DGFT) അറിയിച്ചു. ഇതോടെ നിശ്ചിത വിഭാഗത്തിൽപ്പെടുന്ന വെള്ളി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ ഇനി മുതൽ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാകും. പുതിയ ഉത്തരവ് ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

99.9 ശതമാനം ശുദ്ധിയുള്ള ചില സിൽവർ ബാറുകളടക്കമുള്ള വിഭാഗങ്ങളെയാണ് നിയന്ത്രണ പരിധിയിലേക്ക് കൊണ്ടുവന്നത്. ഇതുവരെ സാധാരണ നിയമാനുസൃത നടപടികൾ പാലിച്ച് ഇവ ഇറക്കുമതി ചെയ്യാമായിരുന്നു. എന്നാൽ പുതിയ നയപ്രകാരം ITC (HS) കോഡുകളായ 71069221, 71069229 എന്നിവയിൽ ഉൾപ്പെടുന്ന വെള്ളി ഇനി 'റിസ്ട്രിക്ടഡ്' വിഭാഗത്തിൽപ്പെടും.

ഐടിസി ((HS) 2022 ഷെഡ്യൂൾ-1 പ്രകാരമുള്ള ചാപ്റ്റർ 71ൽ ഉൾപ്പെട്ട ഈ വിഭാഗങ്ങളുടെ ഇറക്കുമതി നയം പുതുക്കിയതായാണ് ഡിജിഎഫ്ടി പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്. പുതിയ വ്യവസ്ഥകൾ പ്രകാരം 'പോളിസി കണ്ടീഷൻ നമ്പർ 7' അനുസരിച്ചായിരിക്കും ഇറക്കുമതിക്ക് അനുമതി ലഭിക്കുക.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണങ്ങളും ഇനി ഈ ഇറക്കുമതികൾക്ക് ബാധകമാകും. അതിനാൽ ഇറക്കുമതിക്കാർക്ക് അധിക സാമ്പത്തിക മേൽനോട്ടവും അനുമതി നടപടികളും പാലിക്കേണ്ടിവരും.

നിക്ഷേപ ആവശ്യങ്ങൾക്കുള്ള വെള്ളിക്കൊപ്പം ആഭരണ നിർമാണം, ഇലക്ട്രോണിക്‌സ്, പ്രിസിഷൻ ഘടകങ്ങൾ തുടങ്ങിയ വ്യവസായ മേഖലകളിൽ ഉപയോഗിക്കുന്ന വെള്ളിയെയും പുതിയ നിയന്ത്രണങ്ങൾ ബാധിക്കും.

സ്വർണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നടപടി. അടുത്തിടെ ജെംസ്-ജ്വല്ലറി കയറ്റുമതിക്കാർ ഉപയോഗിക്കുന്ന അഡ്വാൻസ് ഓതറൈസേഷൻ (AA) പദ്ധതിയിലൂടെ തീരുവയില്ലാതെ സ്വർണം ഇറക്കുമതി ചെയ്യുന്നതിനുള്ള ചട്ടങ്ങളും കേന്ദ്ര സർക്കാർ കർശനമാക്കിയിരുന്നു.

രാജ്യത്തിന്റെ വ്യാപാരക്കമ്മി കുറയ്ക്കുകയും വിലപിടിപ്പുള്ള ലോഹങ്ങളുടെ അമിത ഇറക്കുമതി നിയന്ത്രിക്കുകയുമാണ് കേന്ദ്രത്തിന്റെ പുതിയ നടപടികളുടെ പ്രധാന ലക്ഷ്യമെന്നാണ് വിലയിരുത്തൽ.