ന്യൂഡല്‍ഹി: നീറ്റ്- യുജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ മുഖ്യസൂത്രധാരികളിലൊരാളായി കണക്കാക്കപ്പെടുന്ന പൂനെയിലെ ബോട്ടണി അധ്യാപികയെ സി ബി ഐ അറസ്റ്റ് ചെയ്തു. ദേശീയ പരീക്ഷ ഏജന്‍സിയായ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ വിഷയവിദഗ്ധയായിരുന്ന മനീഷ ഗുരുനാഥ് മന്ധാരെയെയാണ്് ഡല്‍ഹിയില്‍ ചോദ്യം ചെയ്തതിന് പിന്നാലെ സി ബി ഐ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.
നീറ്റ്- യുജി പരീക്ഷാ പ്രക്രിയയുമായി ബന്ധപ്പെട്ട് എന്‍ ടി എ നിയമിച്ച വിദഗ്ധയായിരുന്ന മന്ധാരെ, നേരത്തെ അറസ്റ്റിലായ മറ്റൊരു പ്രതിയായ മനീഷ വാഘ്മാരെയിലൂടെ വിദ്യാര്‍ഥികളുമായി ബന്ധപ്പെടുകയും തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് സ്വന്തം വീട്ടില്‍ പരിശീലന ക്ലാസുകള്‍ നടത്തുകയും ചെയ്തതായി സി ബി ഐ വ്യക്തമാക്കി.
ബോട്ടണിയിലും സുവോളജിയിലുമുള്ള പ്രധാന ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്‍കൂട്ടി പറഞ്ഞുനല്‍കുകയും അവ നോട്ട് ബുക്കുകളിലും പാഠപുസ്തകങ്ങളിലും അടയാളപ്പെടുത്താന്‍ നിര്‍ദേശിക്കുകയും ചെയ്തുവെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. പിന്നീട് മേയ് 3-ന് നടന്ന യഥാര്‍ഥ നീറ്റ്- യുജി പരീക്ഷയിലെ നിരവധി ചോദ്യങ്ങള്‍ ഇതുമായി പൊരുത്തപ്പെട്ടതായും സി ബി ഐ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ ആറിടങ്ങളില്‍ സി ബി ഐ പരിശോധന നടത്തി. ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, ബാങ്ക് രേഖകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കളുടെ വിശദമായ പരിശോധന പുരോഗമിക്കുകയാണ്.
ഡല്‍ഹി, ജയ്പുര്‍, ഗുരുഗ്രാം, നാസിക്, പൂനെ, അഹല്യാനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതുവരെ അറസ്റ്റിലായ ഒന്‍പത് പ്രതികള്‍. രസതന്ത്ര- ബയോളജി ചോദ്യപേപ്പറുകളുടെ ചോര്‍ച്ചയുടെ യഥാര്‍ഥ ഉറവിടവും വിദ്യാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി പ്രത്യേക പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ച ഇടനിലക്കാരെയും കണ്ടെത്തിയതായി സി ബി ഐ വ്യക്തമാക്കി. ഈ ക്ലാസുകളിലാണ് നീറ്റ്- യുജി ചോദ്യങ്ങള്‍ പറഞ്ഞുകൊടുത്തതും ചര്‍ച്ച ചെയ്തതുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
എന്‍ടിഎയുടെ പരീക്ഷാ പ്രക്രിയയുമായി ബന്ധപ്പെട്ടിരുന്ന രസതന്ത്ര അധ്യാപകന്‍ പി വി കുല്‍ക്കര്‍ണിയെ സി ബി ഐ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, കേസിലെ പ്രതികളായ മനീഷ വാഘ്മാരെയും പി വി കുല്‍ക്കര്‍ണിയെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹിയിലെ റോസ് അവന്യൂ കോടതി ശനിയാഴ്ച 10 ദിവസത്തെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടു. ചോര്‍ന്ന നീറ്റ്- യുജി 2026 ചോദ്യപേപ്പര്‍ കൈവശപ്പെടുത്തുകയും വിതരണം ചെയ്യുകയും ചെയ്ത വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇരുവരുമെന്ന് സി ബി ഐ കോടതിയെ അറിയിച്ചു.
നീറ്റ്- യുജി 2026 പുനഃപരീക്ഷ ജൂണ്‍ 21-ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
