ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മര്‍ നയിക്കുന്ന ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് മുന്‍ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രഖ്യാപിച്ചു. പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതിന് ദിവസങ്ങള്‍ക്കുശേഷമാണ് സ്ട്രീറ്റിങ്ങിന്റെ പ്രഖ്യാപനം.
സര്‍ക്കാരില്‍ നിന്ന് രാജിവെച്ച സ്ട്രീറ്റിംഗ് രാജിക്കത്തില്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തോടൊപ്പം മറ്റ് മുതിര്‍ന്ന മന്ത്രിമാര്‍ ആരും രാജിവെച്ചിരുന്നില്ല.
ആന്‍ഡി ബര്‍ഹമാനും പാര്‍ലമെന്റ് സീറ്റിലേക്ക് മത്സരിക്കാനൊരുങ്ങുന്നതായി പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ടാല്‍ ലേബര്‍ നേതൃമത്സരത്തിലേക്കും അദ്ദേഹത്തിന് പ്രവേശിക്കാനാവും.
ലണ്ടനില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് സ്ട്രീറ്റിംഗ് നേതൃമത്സരത്തില്‍ പങ്കെടുക്കുമെന്ന കാര്യം സ്ഥിരീകരിച്ചത്. മികച്ച സ്ഥാനാര്‍ഥികള്‍ പങ്കെടുക്കുന്ന യഥാര്‍ഥ മത്സരം പാര്‍ട്ടിക്ക് ആവശ്യമുണ്ടെന്നും താനതില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ലേബര്‍ പാര്‍ട്ടിയുടെ വലതുപക്ഷ വിഭാഗത്തില്‍പ്പെടുന്ന 43കാരനായ സ്ട്രീറ്റിംഗ് ഏറെക്കാലമായി ഭാവി നേതൃസ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്നയാളാണ്. മറ്റ് സാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ക്കും മത്സരിക്കാന്‍ സമയം നല്‍കാതെ പ്രക്രിയ വേഗത്തിലാക്കാന്‍ താന്‍ ആഗ്രഹിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആന്‍ഡി ബേണ്‍ഹാമിന് മത്സരിക്കാന്‍ അവസരം നല്‍കാതെ മുന്നോട്ടുപോയിരുന്നുവെങ്കില്‍ പുതിയ നേതാവിന് പൂര്‍ണമായ അംഗീകാരം ലഭിക്കുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലേബര്‍ പാര്‍ട്ടി ചട്ടപ്രകാരം, പാര്‍ട്ടിയിലെ കുറഞ്ഞത് 20 ശതമാനം എം പിമാര്‍ ഔദ്യോഗിക പിന്തുണ നല്‍കുകയും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്താല്‍ നേതൃമത്സരം ആരംഭിക്കും. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ലേബറിന് ഭൂരിപക്ഷമുള്ളതിനാല്‍ പാര്‍ട്ടി നേതാവ് സ്വാഭാവികമായും പ്രധാനമന്ത്രിയാകും. നിലവിലെ നേതാവായ സ്റ്റാര്‍മര്‍ക്കും മത്സരിച്ച് സ്ഥാനം നിലനിര്‍ത്താന്‍ അവസരമുണ്ട്.
സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് ശേഷം പാര്‍ട്ടി അംഗങ്ങളും അനുബന്ധ സംഘടനകളും മുന്‍ഗണനാക്രമത്തില്‍ വോട്ട് രേഖപ്പെടുത്തും. വിജയിക്കാന്‍ 50 ശതമാനത്തിലധികം പിന്തുണ നേടണം.
സ്ട്രീറ്റിങ്ങിന്റെ രാജി സ്റ്റാര്‍മര്‍ മന്ത്രിസഭയില്‍ നിന്ന് ഇതുവരെ ഉണ്ടായ ഏറ്റവും വലിയ പിന്മാറ്റങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. രാജിക്കത്തില്‍ സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തില്‍ മന്ത്രിസഭയില്‍ തുടരുന്നത് ധാര്‍മ്മികമല്ലെന്നും തത്വരഹിതമാണെന്നും താന്‍ കരുതുന്നുവെന്നും സ്ട്രീറ്റിംഗ് പറഞ്ഞു.
കാഴ്ചപ്പാട് ആവശ്യമായിടത്ത് ശൂന്യതയാണ് ഉള്ളതെന്നും ദിശാബോധം വേണ്ടിടത്ത് ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
