ന്യൂഡല്‍ഹി: വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിനും യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനുമായി വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന് (എ ടി എഫ്) മേലുള്ള മൂല്യവര്‍ധിത നികുതി (വാറ്റ്) 25 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറച്ച് ഡ്ല്‍ഹി സര്‍ക്കാര്‍. ശനിയാഴ്ചയാണ് തീരുമാനം പ്രഖ്യാപിച്ചത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും ക്രൂഡ് ഓയില്‍ വില വര്‍ധനവും കാരണം വിമാനമേഖല വലിയ സാമ്പത്തിക സമ്മര്‍ദം നേരിടുന്ന സാഹചര്യത്തിലാണ് നികുതി ഇളവ് പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇതിന് ഒരു ദിവസം മുമ്പ് മഹാരാഷ്ട്ര സര്‍ക്കാറും എ ടി എഫിന് മേലുള്ള വാറ്റ് 18 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറച്ചിരുന്നു. മേയ് 15 മുതല്‍ ആറുമാസത്തേക്കാണ് മഹാരാഷ്ട്രയുടെ നികുതി ഇളവ്.
വിമാനക്കമ്പനികളുടെ ആകെ പ്രവര്‍ത്തനച്ചെലവിന്റെ 30 മുതല്‍ 40 ശതമാനം വരെ എ ടി എഫ് ആയാണ് കണക്കാക്കപ്പെടുന്നത്. ആഗോള ക്രൂഡ് ഓയില്‍ വിലയിലെ അനിശ്ചിതത്വം, വിതരണ ശൃംഖലകളിലെ തടസ്സങ്ങള്‍, ഭൂരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവ മൂലം ഇന്ധനവില ഉയര്‍ന്ന നിലയില്‍ തുടരുകയാണ്.
പശ്ചിമേഷ്യയിലെ തുടരുന്ന സംഘര്‍ഷങ്ങളും ഇടയ്ക്കിടെ ഏര്‍പ്പെടുത്തുന്ന വ്യോമപാത നിയന്ത്രണങ്ങളും വിമാനക്കമ്പനികളുടെ സാമ്പത്തികഭാരം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ നിരവധി വിമാനക്കമ്പനികള്‍ തിരക്കേറിയ ആഭ്യന്തര റൂട്ടുകളില്‍ ടിക്കറ്റ് നിരക്കുകളും വര്‍ധിപ്പിച്ചിരുന്നു.
