റെയില്‍വേ ക്രോസിംഗില്‍ ചരക്ക് ട്രെയിന്‍ ബസ്സിലിടിച്ച് 8 പേര്‍ മരിച്ചു; 32 പേര്‍ക്ക് പരിക്ക്

റെയില്‍വേ ക്രോസിംഗില്‍ ചരക്ക് ട്രെയിന്‍ ബസ്സിലിടിച്ച് 8 പേര്‍ മരിച്ചു; 32 പേര്‍ക്ക് പരിക്ക്


ബാങ്കോക്ക്: റെയില്‍വേ ക്രോസിങ്ങില്‍ ചരക്ക് ട്രെയിന്‍ ബസിലിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റതായി രക്ഷാപ്രവര്‍ത്തകരും ഗതാഗത മന്ത്രാലയവും അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ബസിന് തീപിടിക്കുകയും സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലേക്കും തീ പടരുകയും ചെയ്തു.

എയര്‍പോര്‍്ട്ട് റെയില്‍ ലിങ്കിലെ മക്കാസന്‍ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. ബസിനൊപ്പം കാറുകളും മോട്ടോര്‍സൈക്കിളുകളും അപകടത്തില്‍പ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

പ്രാഥമിക വിവരങ്ങള്‍ പ്രകാരം റെയില്‍പാളത്തില്‍ ബസ് കുടുങ്ങിയതിനെ തുടര്‍ന്ന് റെയില്‍വേ ക്രോസിങ് ബാരിയര്‍ പൂര്‍ണമായി അടയ്ക്കാന്‍ കഴിയാതെ വരികയായിരുന്നുവെന്ന് ഉപഗതാഗത മന്ത്രി സിരിപോങ് അങ്കസകുല്‍കിയാത് മാധ്യമങ്ങളോട് പറഞ്ഞു. കണ്ടെയ്നറുകളുമായി വന്ന ചരക്ക് ട്രെയിനിന് സമയത്ത് നിര്‍ത്താന്‍ കഴിയാതിരുന്നതിനാലാണ് ബസുമായി ഇടിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. 

അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ട്രെയിന്‍ ബസില്‍ ഇടിച്ച് സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളെയും വലിച്ചിഴച്ച് കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ബസ് ചുവപ്പ് സിഗ്നലില്‍ കുടുങ്ങിയതിനാല്‍ മുന്നോട്ട് പോകാനായില്ലെന്നും കാറുകളും നീങ്ങാനാകാതെ തടഞ്ഞുനിന്നതായും അപകടത്തിന് പിന്നാലെ തീപിടിക്കുകയും ചെയ്തതായി അപകടസമയത്ത് സമീപത്തുണ്ടായിരുന്ന മോട്ടോര്‍സൈക്കിള്‍ ടാക്‌സി ഡ്രൈവറായ വാന്തോങ് കോക്‌ഫോ പറഞ്ഞു. സാധാരണ ജോലി ദിവസമായിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി കൂടുതലാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തീപിടിച്ച വാഹനങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ പരിക്കേറ്റവരെ പുറത്തെടുത്ത് വിവിധ ആശുപത്രികളിലേക്ക് മാറ്റി. അപകടകാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ലോകാരോഗ്യ സംഘടനകളുടെ കണക്കുകള്‍ പ്രകാരം സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാത്തതിനാല്‍ ലോകത്തിലെ ഏറ്റവും അപകടകാരികളായ റോഡുകളിലൊന്നാണ് തായ്ലന്‍ഡിലേത്.