കാനഡ: ബ്രിട്ടീഷ് കൊളംബിയയില്‍ ഐസൊലേഷനില്‍ കഴിയുന്ന ഒരു കനേഡിയന് ഹാന്റ വൈറസ് ബാധ സ്ഥിരീകരിച്ചതായി സംശയിക്കുന്നതായി പ്രവിശ്യയുടെ മുഖ്യ ആരോഗ്യ ഉദ്യോഗസ്ഥ ബോണി ഹെന്റി അറിയിച്ചു. ആന്‍ഡീസ് വകഭേദ ഹാന്റ വൈറസ് പടര്‍ന്നുപിടിച്ച ക്രൂയിസ് കപ്പലില്‍ നിന്ന് മടങ്ങിയെത്തിയയാളാണ് രോഗബാധിതനെന്നാണ് വിലയിരുത്തല്‍.
രണ്ട് ദിവസം മുന്‍പ് പനി, തലവേദന തുടങ്ങിയ നേരിയ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് രോഗിയെ വിക്ടോറിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധന നടത്തിയിരുന്നു. ലഭിച്ച ഫലം പ്രാഥമികമായി പോസിറ്റീവാണെന്ന് കണ്ടെത്തി. അന്തിമ സ്ഥിരീകരണത്തിനായി സാമ്പിള്‍ വിന്നിപെഗിലെ മൈക്രോബയോളജി ലാബിലേക്ക് അയച്ചിട്ടുണ്ടെങ്കിലും രോഗിയെ നിലവില്‍ പോസിറ്റീവ് കേസായി കണക്കാക്കി ചികിത്സ തുടരുകയാണ്. രോഗി ആശുപത്രിയില്‍ ഐസൊലേഷനിലാണെന്നും നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.
തങ്ങള്‍ പ്രതീക്ഷിച്ചതല്ലെങ്കിലും ഇതിനായി നേരത്തേ തയ്യാറെടുത്തിരുന്നുവെന്ന് ബോണി ഹെന്റി പറഞ്ഞു. ഹാന്റ വൈറസ് കോവിഡ്, ഇന്‍ഫ്‌ളുവന്‍സ, മീസില്‍സ് പോലുള്ള വ്യാപകമായി പകരുന്ന ശ്വാസകോശ വൈറസുകളില്‍ നിന്ന് വ്യത്യസ്തമാണെന്നും ഇത് മഹാമാരിയായി മാറാനുള്ള സാധ്യതയില്ലെന്നും അവര്‍ വ്യക്തമാക്കി.
ഞായറാഴ്ച മുതല്‍ ഐലന്റ് ഹെല്‍ത്ത് മേഖലയിലാണ് നാല് കനേഡിയന്‍മാര്‍ ഐസൊലേഷനില്‍ കഴിയുന്നത്. വാങ്കൂവര്‍ ദ്വീപില്‍ നിന്നുള്ള എഴുപതുകാരന്‍, വിദേശത്ത് താമസിക്കുന്ന അന്‍പതുകാരന്‍, യൂക്കണില്‍ നിന്നുള്ള എഴുപതുകളിലുള്ള ദമ്പതികള്‍ എന്നിവരാണ് ഇവര്‍. പോസിറ്റീവ് ഫലം ലഭിച്ചിരിക്കുന്നത് ആ ദമ്പതികളിലൊരാളിനാണെന്ന് ഹെന്റി പറഞ്ഞു. മറ്റേയാള്‍ക്ക് രോഗബാധയില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.
വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്നതിനിടെ രോഗബാധിതരായ യാത്രികര്‍ പൊതുജനങ്ങളുമായി സമ്പര്‍ക്കത്തിലായിട്ടില്ലെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുഴുവന്‍ സമയവും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചിരുന്നുവെന്നും ഹെന്റി വ്യക്തമാക്കി.
ആഗോളതലത്തില്‍ ഇതുവരെ പോസിറ്റീവായ 11 പേരും ദീര്‍ഘകാലം ക്രൂയിസ് കപ്പലില്‍ ഉണ്ടായിരുന്നവരാണെന്നും യാത്രയില്‍ പങ്കെടുത്തിട്ടില്ലാത്തവരിലേക്ക് വൈറസ് പടര്‍ന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. എം വി ഹോണ്ടിസ് കപ്പലില്‍ ആരംഭിച്ച ഹാന്റ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇതുവരെ മൂന്ന് പേര്‍ മരിച്ചു.
സാധാരണയായി എലികളുടെ മലമൂത്രാവശിഷ്ടങ്ങളിലൂടെയാണ് ഹാന്റ വൈറസ് പകരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കുള്ള പകര്‍ച്ച അപൂര്‍വമാണ്. എന്നാല്‍ കപ്പലില്‍ കണ്ടെത്തിയ ആന്‍ഡീസ് വകഭേദത്തിന് അപൂര്‍വ സാഹചര്യങ്ങളില്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. രോഗലക്ഷണങ്ങള്‍ സാധാരണയായി വൈറസ് ബാധിച്ചതിന് ഒരാഴ്ച മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ പ്രകടമാകും.
ഐസൊലേഷനില്‍ കഴിയുന്ന നാല് കാനഡക്കാര്‍ക്കും കപ്പലില്‍ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കമില്ലായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. മേയ് 8നകം വൈറസ് ബാധയ്ക്കുള്ള സാധ്യതയുള്ളവരായി തിരിച്ചറിഞ്ഞ 10 കാനഡക്കാരില്‍ നാലുപേരാണ് ഇവര്‍. മറ്റുള്ളവര്‍ ആല്‍ബര്‍ട്ട, ഒന്റാറിയോ, ക്യൂബെക് എന്നിവിടങ്ങളിലുള്ളവരാണ്.
