ഒട്ടാവ: മാനിറ്റോബ സര്‍ക്കാര്‍ കുട്ടികള്‍ക്കായി പ്രഖ്യാപിച്ച സോഷ്യല്‍ മീഡിയ- എ ഐ ചാറ്റ്‌ബോട്ട് നിരോധനം ക്ലാസ് മുറികളില്‍ അധ്യാപകര്‍ യൂട്യൂബ് ഉപയോഗിക്കുന്നതും തടയാന്‍ ഇടയാക്കുമെന്ന് പ്രവിശ്യാ പ്രീമിയര്‍ വാബ് കിന്യൂ പറഞ്ഞു. സമാന നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാരും പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അധ്യാപകര്‍ ക്ലാസ് മുറിയില്‍ യൂട്യൂബ് ഉപയോഗിക്കുന്നത് അനുവദിക്കുമോ എന്നാണ് പലരും ചോദിക്കുന്നതെന്നും ഇപ്പോഴത്തെ തന്റെ മറുപടി 'അല്ല' എന്നാണെന്നും സി ബി സിയുടെ 'ദ ഹൗസ്' പരിപാടിയില്‍ കിന്യൂ പറഞ്ഞു.
ഫീച്ചറുകളില്ലാത്ത പ്രത്യേക പതിപ്പ് യൂട്യൂബ് വികസിപ്പിച്ചാല്‍ നിയന്ത്രിത മേല്‍നോട്ടത്തില്‍ ചെറിയ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കാമെന്നും കിന്യൂ സൂചിപ്പിച്ചു.
കഴിഞ്ഞ മാസം പ്രഖ്യാപിച്ച മാനിറ്റോബയുടെ സാമൂഹിക മാധ്യമ- എ ഐ ചാറ്റ്‌ബോട്ട് നിരോധനം കാനഡയില്‍ ആദ്യമായുള്ള നീക്കമാണ്. 2024ല്‍ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം നടപ്പാക്കിയതുപോലെ ഘട്ടംഘട്ടമായി പുതിയ നിയന്ത്രണങ്ങളും നടപ്പാക്കുമെന്ന് പ്രവിശ്യാ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കേന്ദ്ര സാംസ്‌കാരിക മന്ത്രി മാര്‍ക് മില്ലര്‍ സമാന നിയന്ത്രണങ്ങള്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. എന്നാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.
16 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരോധിക്കണമെന്നും അതേ പ്രായപരിധിക്കുള്ള കുട്ടികള്‍ക്ക് എ ഐ ചാറ്റ്‌ബോട്ടുകള്‍ ഉപയോഗിക്കാന്‍ വിലക്കേര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കാനഡ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ പാസാക്കിയ പ്രമേയങ്ങള്‍ക്ക് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഫെഡറല്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണെന്നും അത് എ ഐ ചാറ്റ്‌ബോട്ടുകളിലേക്കും വ്യാപിപ്പിക്കണോ എന്ന ചര്‍ച്ച തുടരുകയാണെന്നും 'ദ ലോജിക്' വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഒട്ടാവയ്ക്കു സമീപമുള്ള സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നിരോധനത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ചിലര്‍ ഇത് സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സമയം കുറയുന്നത് പുസ്തകവായനയിലേക്കും ഹോബികളിലേക്കും കൂടുതല്‍ സമയം കണ്ടെത്താന്‍ സഹായിക്കുമെന്ന് ചില വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു.
ഫെഡറല്‍ സര്‍ക്കാര്‍ നിരോധനം നടപ്പാക്കിയാല്‍ കമ്പനി അത് പാലിക്കുമെന്ന് മെറ്റ കാനഡയിലെ പൊതുനയ വിഭാഗം മേധാവി റേച്ചല്‍ കറന്‍ പറഞ്ഞു. എന്നാല്‍ നിരോധനം മാത്രമല്ല ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഓസ്‌ട്രേലിയയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കുട്ടികള്‍ വ്യാജ പ്രായവിവരങ്ങളിലൂടെയോ കുടുംബ അക്കൗണ്ടുകളിലൂടെയോ മറികടക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. മാര്‍ച്ചില്‍ പുറത്തുവന്ന ഓസ്‌ട്രേലിയന്‍ ഇ-സേഫ്റ്റി കമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രകാരം നിരോധനം നിലവില്‍ വന്നതിന് ശേഷവും 70 ശതമാനം കുട്ടികള്‍ക്ക് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ്, ടിക്ടോക് അക്കൗണ്ടുകള്‍ തുടരുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
പ്രായസ്ഥിരീകരണ സാങ്കേതികവിദ്യ ഇപ്പോഴും പരിമിതമാണെന്നും കുട്ടികളുടെ സ്വകാര്യവിവരങ്ങള്‍ വലിയ ടെക് കമ്പനികള്‍ ശേഖരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും കിന്യൂ പറഞ്ഞു. തങ്ങളുടെ കുട്ടികള്‍ വില്‍പ്പനയ്ക്കുള്ളവരല്ലെന്നും അവരുടെ ബാല്യം ഡേറ്റാ പോയിന്റുകളാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ യുവാക്കള്‍ക്ക് സുരക്ഷിതവും പോസിറ്റീവുമായ ഓണ്‍ലൈന്‍ അനുഭവം നല്‍കുന്നതില്‍ സര്‍ക്കാരിനേക്കാള്‍ കുറവല്ലാത്ത താത്പര്യം മെറ്റയ്ക്കുണ്ടെന്ന് റേച്ചല്‍ കറന്‍ പ്രതികരിച്ചു.
