ഹൈദരാബാദ്: പോക്‌സോ കേസില്‍ പ്രതിയായ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍ ബണ്ടി ഭഗീരഥ് പൊലീസിന് കീഴടങ്ങി. രാജ്യം വിടുന്നത് തടയുന്നതിന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നടപടി.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച കരിംനഗര്‍ എം പിയും മുന്‍ ബി ജെ പി തെലങ്കാന അധ്യക്ഷനുമായ ബണ്ടി സഞ്ജയ് കുമാര്‍ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും പരാതി ലഭിച്ചപ്പോള്‍ തന്നെ മകനെ പൊലീസിന് കൈമാറാന്‍ തീരുമാനിച്ചിരുന്നുവെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് മകന്‍ തുടര്‍ച്ചയായി പറയുന്നതെന്നും വ്യക്തമാക്കി. അഭിഭാഷകന്‍ മുഖേന മകനെ അന്വേഷണത്തിനായി പൊലീസിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
എല്ലാ തെളിവുകളും നിയമസംഘത്തിന് കൈമാറിയിരുന്നതായും. അവ പരിശോധിച്ച ശേഷം കേസില്‍ ജാമ്യം ലഭിക്കുമെന്നായിരുന്നു അവരുടെ അഭിപ്രായമെന്നും അതിനാലാണ് കീഴടങ്ങല്‍ വൈകിയതെന്നും നീതിന്യായ വ്യവസ്ഥയോട് പൂര്‍ണ ബഹുമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അറസ്റ്റ് തടയാനുള്ള ഇടക്കാല സംരക്ഷണം നല്‍കാന്‍ തെലങ്കാന ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ജസ്റ്റിസ് ടി മാധവ ദേവി അര്‍ധരാത്രിവരെ കേസ് പരിഗണിച്ച ശേഷം അവധി ബെഞ്ചിന്റെ അടുത്ത ദിവസത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാമെന്ന് അറിയിച്ചിരുന്നു. അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് ഭഗീരഥിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുകൂല നിലപാട് സ്വീകരിച്ചില്ല.
17കാരിയായ പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മേയ് 8ന് പ്രൊ്ട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സിനേയും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഭഗീരഥ് തന്റെ മകളുമായി ബന്ധത്തിലായിരുന്നുവെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ പോക്‌സോ നിയമത്തിലെ കൂടുതല്‍ ഗുരുതര വകുപ്പുകളും പൊലീസ് ചുമത്തി.
അതേസമയം, ഭഗീരഥും കരിംനഗര്‍ പൊലീസില്‍ തിരിച്ചും പരാതി നല്‍കി. കുടുംബ ചടങ്ങുകളിലേക്കും കൂട്ടായ പരിപാടികളിലേക്കും പെണ്‍കുട്ടി തന്നെ ക്ഷണിച്ചിരുന്നുവെന്നാണ് വാദം. വിശ്വസനീയരാണെന്ന് കരുതി സുഹൃത്തുക്കളുടെ കൂട്ടത്തില്‍ കുടുംബത്തോടൊപ്പം തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും പോയിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
താന്‍ വിവാഹത്തിന് തയ്യാറാകാതിരുന്നതോടെ പെണ്‍കുട്ടിയും കുടുംബവും പണം ആവശ്യപ്പെട്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ഭഗീരഥിന്റെ ആരോപണം. ഭയന്നാണ് പെണ്‍കുട്ടിയുടെ പിതാവിന് 50,000 രൂപ നല്‍കിയതെന്നും പിന്നീട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് വ്യാജപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം പെണ്‍കുട്ടിയുടെ മാതാവ് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് സമ്മര്‍ദ്ദം ചെലുത്തിയതായും പരാതിയില്‍ പറയുന്നു.
ഭഗീരഥിന്റെ പരാതിയുടെ അടിസ്ഥാനത്തിലും പൊലീസ് പ്രത്യേക എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
