സി.ബി.എസ്.ഇ സ്കൂളുകളിൽ മൂന്ന് ഭാഷ പഠനം നിർബന്ധം; രണ്ടെണ്ണം ഇന്ത്യൻ ഭാഷ

സി.ബി.എസ്.ഇ സ്കൂളുകളിൽ മൂന്ന് ഭാഷ പഠനം നിർബന്ധം; രണ്ടെണ്ണം ഇന്ത്യൻ ഭാഷ


ന്യൂഡൽഹി: സി.ബി.എസ്.ഇ സ്കൂളുകളിൽ 9-ാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് ജൂലൈ 1 മുതൽ മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാക്കി. തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായിരിക്കണം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാ​ഗമായുള്ള ദേശീയ കരിക്കുലം ഫ്രെയിംവർക്കിന്റെ ഭാ​ഗമായാണ് നടപടി. എന്നാൽ, പത്താം ക്ലാസിൽ വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന മൂന്നാമത്തെ ഭാഷയ്ക്ക് ബോർഡ് പരീക്ഷയുണ്ടാവില്ലെന്നാണ് അറിയുന്നത്. സ്കൂൾ തലത്തിലാകും ഈ ഭാഷയുടെ മൂല്യനിർണയം. 

സി.ബി.എസ്.ഇയുടെ പട്ടികയിലുള്ള ഏത് ഭാഷയും സ്കൂളുകൾക്ക് തെരഞ്ഞെടുക്കാം. രണ്ട് ഇന്ത്യൻ ഭാഷകൾ തെരഞ്ഞെടുത്തെങ്കിൽ മാത്രമേ  വിദേശ ഭാഷ മൂന്നാമത്തേതായി പഠിക്കാനാകൂ. അതായത് ഇം​ഗ്ലീഷ് ഒരു ഭാഷയായി തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ മറ്റ് രണ്ട് ഭാഷകളും ഇന്ത്യൻ ഭാഷ തന്നെയാവണം. ഒന്നാം ഭാഷയായി ഇം​ഗ്ലീഷും രണ്ടാം ഭാഷയായി മലയാളവും തെരഞ്ഞെടുത്താൽ, മൂന്നാമത്തെ ഭാഷ ഹിന്ദിയോ ഉറുദുവോ തമിഴോ അല്ലെങ്കിൽ മറ്റേതെങ്കിലും ഇന്ത്യൻ ഭാഷകളോ മാത്രമേ തെരഞ്ഞെടുക്കാനാകൂ. അതേസമയം, ഫ്രഞ്ച്, ജർമ്മൻ തുടങ്ങിയ വിദേശ ഭാഷകൾ നാലാമത്തെ ഓപ്ഷണൽ ഭാഷയായി പഠിക്കാൻ അനുവദിച്ചിട്ടുണ്ട്.