വാഷിംഗ്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെ ഉണ്ടായ വെടിവെപ്പ് സംഭവത്തിന് പിന്നാലെ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് നടത്തിയ മുൻകൂർ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാകുന്നു. സംഭവം നടന്ന വേദിയായ വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ വെടിവെപ്പ് നടക്കുന്നതിന് മുമ്പ് ലെവിറ്റ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.
ഡിന്നറിന് മുൻപ് റെഡ് കാർപെറ്റ് അഭിമുഖത്തിൽ, പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്താനിരുന്ന പ്രസംഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, 'ഇന്ന് മുറിക്കുള്ളിൽ 'ഷോട്ട്‌സ് ഫയർഡ് ' ഉണ്ടാകും' എന്ന് ലെവിറ്റ് പറഞ്ഞിരുന്നു. രാഷ്ട്രീയ ഹാസ്യവും കടുത്ത വിമർശനവും ഉണ്ടാകുമെന്ന അർത്ഥത്തിലാണ് അവർ ഈ വാക്കുകൾ ഉപയോഗിച്ചതെന്നാണ് വിശദീകരണം. എന്നാൽ യഥാർഥത്തിൽ വെടിയുതിർന്ന സംഭവത്തിന് പിന്നാലെ ഈ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായി.
അതേസമയം, പരിപാടി ആരംഭിക്കുന്ന സമയത്ത് ലെവിറ്റിന്റെ ഭർത്താവ് 'ശ്രദ്ധയോടെ ഇരിക്കുക' എന്ന് മുന്നറിയിപ്പ് നൽകിയെന്ന അവകാശവാദവും പ്രചരിക്കുന്നുണ്ട്. ഇതും ചർച്ചകൾക്ക് കൂടുതൽ ഇന്ധനം നൽകിയിരിക്കുകയാണ്.
ശനിയാഴ്ച നടന്ന ചടങ്ങിനിടെ, ഹോട്ടൽ പരിസരത്ത് വെടിയൊച്ച കേട്ടതോടെ ഹാളിനുള്ളിൽ വലിയ പരിഭ്രാന്തി പരന്നു. അതിഥികൾ മേശകൾക്കടിയിൽ ഒളിച്ചിരിക്കുമ്പോൾ, യു.എസ്. സീക്രട്ട് സർവീസ് ഉടൻ ഇടപെട്ട് സ്ഥിതി നിയന്ത്രണ വിധേയമാക്കി. പ്രസിഡന്റ് ട്രംപിനെയും കുടുംബാംഗങ്ങളെയും ഉൾപ്പെടെ പ്രധാന വ്യക്തികളെ സുരക്ഷിതമായി പുറത്തേക്ക് മാറ്റുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ ലെവിറ്റിന്റെ മുൻകൂർ പരാമർശവും ഭർത്താവിന്റെ മുന്നറിയിപ്പും യാദൃശ്ചികമാണോ, അതോ മറ്റേതെങ്കിലും പശ്ചാത്തലമുണ്ടോ എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന പ്രധാന ചോദ്യം. എന്നാൽ അധികൃതർ ഈ സംഭവത്തെ സുരക്ഷാ വീഴ്ചയായി കണക്കാക്കി അന്വേഷണം തുടരുകയാണ്.
വൈറ്റ് ഹൗസ് ഡിന്നർ വെടിവെപ്പ്: കരോലൈൻ ലെവിറ്റിന്റെ വൈറൽ പരാമർശം വിവാദമായി
