ബമാക്കോ(മാലി): പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലിയിൽ നടന്ന വൻ ഭീകരാക്രമണത്തിൽ പ്രതിരോധമന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബമാക്കോയ്ക്ക് സമീപമുള്ള കാട്ടി മേഖലയിലെ അദ്ദേഹത്തിന്റെ വസതിക്കുനേരെയുണ്ടായ ആത്മഹത്യാ ട്രക്ക് ബോംബ് സ്‌ഫോടനത്തിലാണ് സംഭവം.
സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനവുമായി എത്തിയ ആക്രമി മന്ത്രിയുടെ വീട്ടിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തെ നേരിടാൻ ശ്രമിക്കുന്നതിനിടെ കാമറക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നീട് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിൽ കുറഞ്ഞത് മൂന്നുപേർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. സമീപത്തെ ഒരു പള്ളിയും തകർന്നു, ആരാധകരിൽ ചിലരും കൊല്ലപ്പെട്ടു.
സംഭവത്തിന് പിന്നാലെ മാലിയിലെ വിവിധ ഭാഗങ്ങളിൽ സംഘടിതമായ ആക്രമണങ്ങളാണ് നടന്നത്. വടക്കൻ നഗരങ്ങളായ ഗാവോ, കിഡാൽ എന്നിവിടങ്ങളിലും മധ്യ മേഖലകളായ സേവാരേ, മൊപ്റ്റി എന്നിവിടങ്ങളിലും ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തു. അൽഖാഇദയുമായി ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകളും വിഘടനവാദികളായ അസവാദ് വിമോചന മുന്നണി (FLA)യും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് സംശയം.
ഇതിനിടെ, മാലിയുടെ സൈനിക ഭരണാധികാരി ജനറൽ അസിമി ഗോയിറ്റയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്. അദ്ദേഹത്തിന്റെ വസതിയും ആക്രമണ ലക്ഷ്യമായിരുന്നു.
വടക്കൻ നഗരമായ കിഡാലിൽ വിമത സേനയും സർക്കാർ സേനയും തമ്മിൽ കടുത്ത പോരാട്ടം തുടരുകയാണ്. റഷ്യൻ കരാർ സൈനികർ (മേഴ്‌സനറികൾ) പ്രദേശത്ത് നിന്ന് പിന്മാറാൻ ധാരണയായതായി എഫ്എൽഎ അവകാശപ്പെട്ടു. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
രാജ്യത്ത് സുരക്ഷ ശക്തമാക്കുന്നതിനായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബമാക്കോ ഉൾപ്പെടെ ചില പ്രദേശങ്ങളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. സൈനിക പട്രോളുകളും ചെക്ക്‌പോസ്റ്റുകളും ശക്തമാക്കി.
സംഭവത്തെ യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് അപലപിച്ചു. പശ്ചിമ ആഫ്രിക്കൻ സംഘടനയായ ഇക്കോവാസും ആക്രമണത്തെ ശക്തമായി വിമർശിച്ചു. ആഫ്രിക്കൻ യൂണിയനും ആശങ്ക രേഖപ്പെടുത്തി.
മാലി, നൈജർ, ബുർക്കിന ഫാസോ എന്നീ രാജ്യങ്ങൾ സൈനിക അട്ടിമറിയിലൂടെ ഭരണത്തിലേറിയതിനെ തുടർന്ന് ഇക്കോവാസിൽ നിന്ന് പിന്മാറിയിരുന്നു. നിലവിൽ ജനറൽ അസിമി ഗോയിറ്റയുടെ നേതൃത്വത്തിലുള്ള സൈനിക ഭരണമാണ് മാലിയിൽ നിലനിൽക്കുന്നത്.
വർഷങ്ങളായി അൽഖാഇദയും ഐഎസുമായി ബന്ധമുള്ള ഭീകരസംഘങ്ങളും തുവാരെഗ് വിമത പ്രസ്ഥാനവും രാജ്യത്ത് അക്രമം തുടരുകയാണ്. വടക്കൻ, കിഴക്കൻ മേഖലകളിലെ വലിയ പ്രദേശങ്ങൾ ഇപ്പോഴും സർക്കാരിന്റെ നിയന്ത്രണത്തിന് പുറത്താണ്.
മാലിയിൽ ഭീകരാക്രമണം: പ്രതിരോധമന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു; രാജ്യത്ത് വ്യാപക സംഘർഷം
