ട്രംപുമായുള്ള ബന്ധം പുതുക്കാൻ കിംഗ് ചാൾസ് യുഎസിലെത്തി

ട്രംപുമായുള്ള ബന്ധം പുതുക്കാൻ കിംഗ് ചാൾസ് യുഎസിലെത്തി


വാഷിംഗ്ടൺ: അമേരിക്കയുമായി ബന്ധം ശക്തിപ്പെടുത്താനുള്ള ലക്ഷ്യത്തോടെ ബ്രിട്ടൻ രാജാവായ കിംഗ് ചാൾസ് മൂന്നാമൻ നാലുദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച വാഷിംഗ്ടണിലെത്തി. യുഎസ് രൂപീകരണത്തിന് 250 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം നടക്കുന്നത്.

അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലൂടെ ബ്രിട്ടീഷ് ഭരണത്തെ പുറത്താക്കിയതിന്റെ ചരിത്ര പശ്ചാത്തലത്തിൽ, ഈ സന്ദർശനം പ്രതീകാത്മകമായും നയതന്ത്രപരമായും ഏറെ പ്രാധാന്യമുള്ളതായാണ് വിലയിരുത്തുന്നത്.

സന്ദർശനത്തിനിടെ അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്ത് കിംഗ് ചാൾസ് പ്രസംഗിക്കും. 1991ന് ശേഷം ആദ്യമായാണ് ഒരു ബ്രിട്ടീഷ് രാജാവ് കോൺഗ്രസിൽ പ്രസംഗിക്കുന്നത്. പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി സ്വകാര്യ കൂടിക്കാഴ്ചയും ഔദ്യോഗിക വിരുന്നും പരിപാടികളിൽ ഉൾപ്പെടുന്നു. ന്യൂയോർക്ക്, വിർജീനിയ സംസ്ഥാനങ്ങളിലേക്കും രാജാവ് യാത്ര ചെയ്യും.

ഇതിനിടെ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റുമാരുടെ അത്താഴവിരുന്ന് വേദിക്ക് സമീപം നടന്ന വെടിവെപ്പ് ശ്രമം സന്ദർശനത്തിന്റെ പകിട്ടിനെ ബാധിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് അമേരിക്കൻ അധികൃതരുമായി ബക്കിംഗ്ഹാം പാലസ് ബന്ധപ്പെടുന്നുണ്ടെന്ന് അറിയിച്ചു. ആക്രമണത്തിന്റെ കെടുതികൾ ബാധിച്ചവർക്കായി കിംഗ് ചാൾസ് ട്രംപിനോട് അനുശോചനം അറിയിച്ചതായും കൊട്ടാര വൃത്തങ്ങൾ വ്യക്തമാക്കി.

രാജാവിനെ വരവേൽക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞിട്ടുണ്ട്.  അദ്ദേഹത്തിന്റെ സന്ദർശന വേള 'അമേരിക്കയെ സംബന്ധിച്ച് നല്ല സമയം ആയിരിക്കും' എന്നാണ് ട്രംപിന്റെ പ്രതികരണം.

എന്നാൽ യുഎസ്-ബ്രിട്ടൻ ബന്ധം അടുത്തകാലത്ത് ചില വിഷയങ്ങളിൽ ഉൽക്കണ്ഠയിലാണെന്നതും വസ്തുതയാണ്. വ്യാപാരം, യുക്രെയ്ൻ യുദ്ധം, ഗ്രീൻലാൻഡ് വിഷയത്തിൽ ട്രംപ് നടത്തിയ പരാമർശങ്ങൾ തുടങ്ങിയവ ബന്ധത്തെ ബാധിച്ചിട്ടുണ്ട്. ഇറാനെതിരായ അമേരിക്കൻ നടപടികൾ ഇന്ധനവില വർധനവിന് ഇടയാക്കിയതും അത് ബ്രിട്ടീഷ് സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചതായും ബ്രിട്ടൻ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറിനെതിരെ ട്രംപ് സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ഉയർത്തിയതും ബന്ധത്തിൽ അസ്വസ്ഥത കൂട്ടിയിട്ടുണ്ട്.

ഇത്തരമൊരു സാഹചര്യത്തിലാണ് കിംഗ് ചാൾസിന്റെ സന്ദർശനം നടക്കുന്നത്. യുഎസ്-ബ്രിട്ടൻ 'സ്‌പെഷ്യൽ റിലേഷൻഷിപ്പ്' വീണ്ടും ശക്തിപ്പെടുത്താൻ ഈ സന്ദർശനം വഴിയൊരുക്കുമോയെന്നത് ശ്രദ്ധേയമാണ്.