മുനമ്പം; ലത്തീന്‍ മെത്രാന്‍ സമിതിയും മുസ്‌ലിം ലീഗും നടത്തിയ ചര്‍ച്ചയില്‍ സമവായ ധാരണ

മുനമ്പം; ലത്തീന്‍ മെത്രാന്‍ സമിതിയും മുസ്‌ലിം ലീഗും നടത്തിയ ചര്‍ച്ചയില്‍ സമവായ ധാരണ


കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി വിവാദത്തില്‍ ലത്തീന്‍ മെത്രാന്‍ സമിതിയുമായി മുസ്ലിം ലീഗ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ സമവായത്തിന് ധാരണ. ലീഗിന്റെ സമവായ നീക്കം സ്വാഗതം ചെയ്യുന്നതായി വരാപ്പുഴ അതിരൂപത മെത്രാന്‍ ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു.

പ്രശ്നം രമ്യമായി പരിഹരിക്കാനാകുമെന്നും ഇരുവിഭാഗവും പ്രത്യാശ പ്രകടപ്പിച്ചു. സമവായ നിര്‍ദേശം ഉപതെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഉള്ളതെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പറഞ്ഞു.

മുനമ്പം വിഷയം രമ്യമായി പരിഹരിക്കണമെന്നാണ് ഫറൂഖ് കോളേജ് കമ്മിറ്റിയുടെ നിലപാടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമരസമിതി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ലീഗ് നേതാക്കള്‍ എത്തിയതെന്ന് ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. ഇതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇതൊരു മാനുഷിക പ്രശ്‌നമാണെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. മതമൈത്രി സംരക്ഷിച്ചു മുന്നോട്ടുപോകണം. എല്ലാവരും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു എന്നതില്‍ അഭിമാനമുണ്ടെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.

വരാപ്പുഴ ബിഷപ്‌സ് ഹൗസിലാണ് ലീഗ് നേതാക്കള്‍ ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച നടത്തിയത്. മുനമ്പം വിഷയം രമ്യമായ പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ മുസ്ലിം ലീഗ് മുന്‍കൈയെടുക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ അറിയിച്ചിരുന്നു.