കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യക്കേസിൽ മുഖ്യപ്രതിയായ ഡോ. റാമിനെ മൂന്ന് മാസത്തെ ഒളിവുജീവിതത്തിനൊടുവിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കർണാടകയിലെ കുടക് ജില്ലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് ഡോ. റാമിനെ അന്വേഷണസംഘം കണ്ണൂരിലെത്തിച്ചു.
നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. റാം സമർപ്പിച്ച ഹർജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെ പ്രതിക്കായുള്ള അന്വേഷണം ക്രൈംബ്രാഞ്ച് കൂടുതൽ ഊർജിതമാക്കി.
ആദ്യഘട്ടത്തിൽ ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഡോ. റാം ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം അവിടെ വ്യാപക പരിശോധന നടത്തിയിരുന്നു. പിന്നീട് പ്രതി ബെംഗളൂരുവിലെത്തിയെന്ന സൂചനയും ലഭിച്ചു. ബെംഗളൂരുവിലെ ഒരു ഫ്‌ളാറ്റിൽ ഡോ. റാമിന്റെ ബന്ധുക്കൾ താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെയും പരിശോധന നടത്തി.
തുടർന്നാണ് ഡോ. റാം കർണാടകയിലെ കുടക് ഭാഗത്തേക്ക് എത്തിയതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് അന്വേഷണസംഘം പ്രതിയെ വലയിലാക്കി അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിനിടെ, ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലും ചിറ്റൂരിലുമായാണ് ഡോ. റാം ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് കണ്ടെത്തൽ. ആന്ധ്രയിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവായ അടുത്ത ബന്ധുവിന്റെ സഹായവും സംരക്ഷണവും പ്രതിക്ക് ലഭിച്ചിരുന്നുവെന്ന വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഈ വർഷം ഏപ്രിൽ 10നാണ് അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർഥിയായ നിതിൻ രാജ് കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സംഭവത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ ഡോ. റാമിനെ മുഖ്യപ്രതിയാക്കി അന്വേഷണം പരോഗമിക്കുകയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
നിതിൻ രാജ് ആത്മഹത്യക്കേസ്: ഒളിവിലായിരുന്ന ഡോ. റാം അറസ്റ്റിൽ; മൂന്ന് മാസത്തിന് ശേഷം ക്രൈംബ്രാഞ്ചിന്റെ പിടിയിൽ
