ഓണ്‍ലൈന്‍ തട്ടിപ്പ്; ഡോ. ഗീവര്‍ഗീസ് മാര്‍കൂറിലോസിന്റെ 15 ലക്ഷം രൂപ നഷ്ടപ്പെട്ടു

ഓണ്‍ലൈന്‍ തട്ടിപ്പ്;  ഡോ. ഗീവര്‍ഗീസ് മാര്‍കൂറിലോസിന്റെ 15 ലക്ഷം രൂപ നഷ്ടപ്പെട്ടു


മല്ലപ്പള്ളി (പത്തനംതിട്ട): മലങ്കര യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലിത്ത ഡോ. ഗീവര്‍ഗീസ് മാര്‍കൂറിലോസിന്റെ അക്കൗണ്ടില്‍ നിന്ന് 15,01,186/ രൂപ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ അടിച്ചുമാറ്റിയതായി പരാതി. ഔദ്യോഗിക സ്ഥാനമൊഴിഞ്ഞ ശേഷം ആനിക്കാട് സെയ്ന്റ് ഗ്രിഗോറിയോസ് ദയറയില്‍ താമസിക്കുന്ന ഇദ്ദേഹത്തെ സി.ബി.ഐയില്‍ നിന്നെന്ന വ്യാജേന ചിലര്‍ ഫോണില്‍ ബന്ധപ്പെട്ടു.

മുംബെയിലെ നരേഷ് ഗോയല്‍ എന്ന ആള്‍ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ കൂറിലോസിന്റെ പേരും ഉണ്ടെന്ന് അറിയിച്ചു. ഇത് വ്യക്തമാക്കുന്ന ചില വ്യാജ രേഖകള്‍ കാട്ടുകയും ഓണ്‍ലൈന്‍ മാര്‍ഗം ആഗസ്ത് രണ്ടിന് ജുഡീഷ്യല്‍ വിചാരണ നടത്തുകയും ചെയ്തു. കേസില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ പിഴ അടക്കാന്‍ ആവശ്യപ്പെട്ടു.

ഇതിനായി തട്ടിപ്പുസംഘം അവരുടെ സ്വകാര്യ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കി. തുടര്‍ന്ന് മുന്‍ മെത്രാപ്പോലീത്തയുടെ അക്കൗണ്ടില്‍ നിന്ന് രണ്ട് ദിവസങ്ങളിലായി 15,01,186 രൂപ തട്ടിയെടുക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് കീഴ്വായ്പൂര് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.