ഉമ്മന്‍ ചാണ്ടി ഓര്‍മ്മ ആയിട്ട് ഇന്ന് മൂന്ന് വര്‍ഷം; പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയും കെ.സി വേണുഗോപാലും

ഉമ്മന്‍ ചാണ്ടി ഓര്‍മ്മ ആയിട്ട് ഇന്ന് മൂന്ന് വര്‍ഷം; പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയും കെ.സി വേണുഗോപാലും


കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓര്‍മ്മ ആയിട്ട് ഇന്ന് മൂന്ന് വര്‍ഷം. എന്നും ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിയുടെ വിയോഗം സംസ്ഥാന രാഷ്ട്രീയത്തില്‍ ഇപ്പോഴും നികത്താന്‍ കഴിയാത്ത വിടവ് ആണ്. ഏറെ നാളുകള്‍ക്കു ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയ സാഹചര്യത്തിലാണ് പ്രിയ നേതാവിന്റെ മൂന്നാം ചരമ വാര്‍ഷികം കടന്നെത്തുന്നത്.

പുതുപ്പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയും പരിപാടികളും നടക്കും. അനുസ്മരണ സമ്മേളനം കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി വിഡി സതീശന്‍ ഉച്ചയോടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തും. 

അധികാരത്തിന്‍റെ വാതിലുകൾ സാധാരണ മനുഷ്യർക്ക് മുന്നിൽ എളുപ്പത്തിൽ തുറന്നുകൊടുത്ത് ആ വാതിലിന് മുന്നിൽ സ്വയം കാത്തുനിന്നൊരു മുഖ്യമന്ത്രിയെന്ന നിലയിലാണ് ഉമ്മൻ ചാണ്ടിയെ കേരളം അടയാളപ്പെടുത്തുന്നത്. അദ്ദേഹത്തിന്, സെക്രട്ടറിയേറ്റിലെ ഒരു മുറി മാത്രമായിരുന്നില്ല ഓഫീസ്. ട്രെയിനും ബസ് സ്റ്റാന്‍റും ആശുപത്രി വരാന്തയും പൊതുവഴികളും വീട്ടുമുറ്റങ്ങളുമെല്ലാം ഫയൽതീർപ്പാക്കുനുള്ള ഇടങ്ങളായിരുന്നു. കരുതലും കരുണയും ജനസമ്പർക്കവുംക്കൊണ്ടാണ് ഉമ്മൻചാണ്ടി ജനഹൃദയങ്ങളിലേക്കാഴത്തിലിറങ്ങിയത്. അതുകൊണ്ടാണ് ഉമ്മൻചാണ്ടിയെ പറ്റിപറയുന്നവർ വികസനപദ്ധതികളുടെ കണക്ക് പറായതെ സ്വന്തം ജീവിതത്തോട് ചേർന്നൊരനുഭവം ഓർത്തെടുക്കുന്നത്.

ഉമ്മൻചാണ്ടി ഓർമ്മയായി മൂന്ന് കൊല്ലത്തിനിപ്പുറവും പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് എത്തുന്നവർക്കും ഇങ്ങനെ ഒരുപാട് കഥകൾ പറയാനുണ്ട്. രാഷ്ട്രീയ വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളുള്ളവരും വിമർശിക്കുന്നവരും ഉമ്മൻചാണ്ടിയെന്ന മനുഷ്യനെ ഏറെ ബഹുമാനിച്ചിരുന്നു. അതായിരുന്നു തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്രയിൽ കേരളം കണ്ടത്. അന്ന് ഉമ്മൻചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹം മുന്നിൽ നിന്നപ്പോൾ രാഷ്ട്രീയം പിന്നിലായി. എല്ലാവരെയും കേൾക്കുന്നതായിരുന്നു ഉമ്മൻചാണ്ടിയുടെ  ശൈലി. അത് എത്ര ചെറിയവിഷയമായിരുന്നാലും. ആ നടത്തവും പുഞ്ചിരിയും ചേർത്ത്പിടിക്കലും കേരളത്തിന് മറക്കാനാവില്ല.