ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സെപ്റ്റംബറില്‍ ന്യൂയോര്‍ക്കിലെത്തുകയാണെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാകുമോയെന്ന കാര്യം നഗരത്തിന്റെ നിയമവകുപ്പുമായി ചര്‍ച്ച ചെയ്യുകയാണെന്ന് ന്യൂയോര്‍ക്ക് മേയര്‍ സോഹ്രാന്‍ മംദാനി വ്യക്തമാക്കി.
ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മംദാനി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിന് നിലവിലെ നിയമങ്ങളില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി യുദ്ധക്കുറ്റങ്ങള്‍ ചുമത്തിയ വ്യക്തിയാണ് നെതന്യാഹുവെന്ന് മംദാനി പറഞ്ഞു.
മുമ്പ് ഇസ്രയേലിനെ 'വര്‍ണവിവേചന ഭരണകൂടം എന്ന് വിശേഷിപ്പിച്ചിരുന്ന മംദാനി കഴിഞ്ഞ വര്‍ഷങ്ങളിലെ അദ്ദേഹത്തിന്റെ നടപടികളുടെ അടിസ്ഥാനത്തില്‍ പലരും പങ്കുവെക്കുന്ന അഭിപ്രായമാണിത് എന്നും കൂട്ടിച്ചേര്‍ത്തു.
ന്യൂയോര്‍ക്ക് പൊലീസ് വകുപ്പിന് ഒരു വിദേശ രാഷ്ട്രത്തലവനെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശം നല്‍കാനുള്ള അധികാരം തനിക്കുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അത്തരം അധികാരമുണ്ടോയെന്ന് കണ്ടെത്താന്‍ നഗരത്തിന്റെ നിയമവകുപ്പുമായി സജീവമായ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോര്‍ക്ക് നഗരത്തില്‍ നിയമം തനിക്ക് അനുവദിക്കുന്ന പരിധിക്കുള്ളില്‍ മാത്രമേ നടപടികള്‍ സ്വീകരിക്കുകയുള്ളുവെന്നും അതിനുവേണ്ടി പുതിയ നിയമങ്ങള്‍ ഉണ്ടാക്കില്ലെന്നും മംദാനി വ്യക്തമാക്കി.
നെതന്യാഹുവിനെതിരെ ഇത്തരമൊരു നിലപാട് മംദാനി സ്വീകരിക്കുന്നത് ഇതാദ്യമല്ല. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നടപ്പാക്കാന്‍ ന്യൂയോര്‍ക്ക് പൊലീസ് വകുപ്പിന് നിര്‍ദേശം നല്‍കുമെന്ന് അദ്ദേഹം നേരത്തെയും പറഞ്ഞിരുന്നു. നെതന്യാഹുവിനൊപ്പം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെതിരായ ഐ സി സി അറസ്റ്റ് വാറണ്ടും നടപ്പാക്കണമെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചിരുന്നു.
2024-ല്‍ ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതി 2023 ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ സൈനിക നടപടികളുമായി ബന്ധപ്പെട്ട് ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റങ്ങളും സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ മതിയായ അടിസ്ഥാനമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
