വാഷിംഗ്ടണ്‍: ജോര്‍ദാനിലെ അമേരിക്കന്‍- സഖ്യസേനാ കേന്ദ്രങ്ങള്‍ക്കുനേരെ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും ഒരാളെ കാണാതായതായും യു എസ് സൈന്യം സ്ഥിരീകരിച്ചു. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം) ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ അമേരിക്കന്‍ സേനയും സഖ്യസേനയും ഇറാന്റെ മിസൈല്‍- ഡ്രോണ്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് സെന്റ്കോം പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമണത്തില്‍ പരിക്കേറ്റ നാല് അമേരിക്കന്‍ സൈനികരെ ചികിത്സയ്ക്കായി ജോര്‍ദാനിലെ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. ഇവര്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായും നിസാര പരിക്കേറ്റ മറ്റ് സൈനികര്‍ വീണ്ടും ഡ്യൂട്ടിയില്‍ പ്രവേശിച്ചതായും സെന്റ്കോം അറിയിച്ചു.
ജോര്‍ദാനില്‍ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിന്റെയും സഖ്യസേനയുടെയും പ്രതിരോധ നടപടികള്‍ക്കിടെയാണ് രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്നും ഒരാളെ നിലവില്‍ കാണാതായിട്ടുണ്ടെന്നും സെന്റ്കോം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന്, തുടര്‍ച്ചയായ ഏഴാം ദിവസവും അമേരിക്ക ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം തുടരുന്നതിനിടെയാണ് പുതിയ സംഭവം.
