ചിത്രങ്ങൾ പുറത്തുവിട്ട് കുഞ്ഞാലിക്കുട്ടി, 'മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ല'; ജൂൺ 29 ന് ടാറ്റയുമായി ചർച്ച നടന്നു'

ചിത്രങ്ങൾ പുറത്തുവിട്ട് കുഞ്ഞാലിക്കുട്ടി, 'മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ല'; ജൂൺ 29 ന് ടാറ്റയുമായി ചർച്ച നടന്നു'


തിരുവനന്തപുരം: ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് കള്ളമല്ലെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ടാറ്റാ പ്രതിനിധികൾ തങ്ങളെ വന്നു കണ്ടിരുന്നുവെന്നും മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ടാറ്റയുടെ പ്രോജക്ടിന്റെ തുടർച്ചയുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ചർച്ചയുടെ ചിത്രങ്ങളും കുഞ്ഞാലിക്കുട്ടിയുടെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. 

കഴിഞ്ഞ ജൂൺ 29 നാണ് ചർച്ച നടന്നത്. ഷിപ്പിങ് മേഖലയുമായി ബന്ധപ്പെട്ട പദ്ധതി തന്നെയാണ് ചര്‍ച്ച ചെയ്തത്. അതിൽ പുരോഗതിയുണ്ടായിട്ടുണ്ട്. കേരളത്തില്‍ 300 കോടി രൂപയുടെ നിക്ഷേപം നടത്താമെന്ന് ടാറ്റ നേരത്തെ അറിയിച്ചിരുന്നതാണ്. അതുകൊണ്ട് തന്നെ ടാറ്റയുമായി ചര്‍ച്ചകളൊന്നും തന്നെ നടന്നിട്ടില്ലെന്ന വാദം തെറ്റാണ്. ടാറ്റാ സന്ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ല. ആകെ നിക്ഷേപത്തുകയെ കുറിച്ചാണ് മുഖ്യമന്ത്രി പറ‍ഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ടാറ്റ പതിനായിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച വിവാദത്തിലാണ് വ്യവസായ മന്ത്രിയുടെ വിശദീകരണം.

ലീഗ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിലും കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കി. സ്റ്റാഫ് നിയമനത്തിൽ പാർട്ടിക്കുള്ളിൽ യാതൊരുവിധ അഭിപ്രായവ്യത്യാസവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ച എല്ലാവർക്കും പദവികൾ നൽകാൻ കഴിഞ്ഞിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്. പരിമിതമായ പദവികൾ മാത്രമുള്ളതിനാൽ എല്ലാവരെയും ഉൾക്കൊള്ളാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഖഫ് ബോർഡ് വിഷയത്തിലെ അഡ്വക്കേറ്റ് ജനറലിന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന്, വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ കഴിഞ്ഞ സർക്കാർ വെച്ച വലിയൊരു കെണിയാണെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഇതിന്റെ മുഴുവൻ ഉത്തരവാദിത്തവും കഴിഞ്ഞ സർക്കാരിനാണെന്നും പദ്ധതിയുമായി മുന്നോട്ട് പോകാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം പഠിക്കാൻ നിയോഗിച്ച ഉപസമിതിയുടെ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെടുക്കുക. പദ്ധതിയുടെ ഭാഗമായി സിലബസിൽ എന്തെങ്കിലും തരത്തിലുള്ള ഇടപെടലുകൾ ഉണ്ടായാൽ അത് ഗൗരവത്തോടെ പരിശോധിക്കുമെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി.