ലഹരി വേട്ടയിൽ നിർണായക ചുവടുവയ്പ്പുമായി സർക്കാർ, സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് അനുമതി

ലഹരി വേട്ടയിൽ നിർണായക ചുവടുവയ്പ്പുമായി സർക്കാർ, സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് അനുമതി


തിരുവനന്തപുരം: സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അനുമതിയായതായി എക്സൈസ് മന്ത്രി എം ലിജു. സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കാതെ വകുപ്പിലെ നിലവിലുള്ള തസ്തികകൾ പുനർവിന്യസിച്ചും ഉദ്യോഗസ്ഥർക്ക് അധിക ചുമതലകൾ നൽകിയുമാണ് ബ്യൂറോയുടെ പ്രവർത്തനങ്ങൾ നടത്തുക. 

നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ സുഗമമായ പ്രവർത്തനത്തിനായി ആകെ 389 തസ്തികകളാണ് അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള 367 തസ്തികകൾ പുനർവിന്യസിച്ചും 22 തസ്തികകൾക്ക് അധിക ചുമതലകൾ നൽകിയുമാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു. സംസ്ഥാനത്തെ ലഹരി - മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾക്ക് വേണ്ടി എക്സൈസിൽ സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അനുവദിച്ച് നേരത്തെ ഉത്തരവായിരുന്നു. അതിൻ്റെ തുടർച്ചയായാണ് പുതിയ നടപടി. 

എക്സൈസ് കമ്മീഷണർ സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ തലവനായി പ്രവർത്തിക്കും. തിരുവനന്തപുരം എക്സൈസ് കമ്മീഷണറേറ്റാണ് ബ്യൂറോയുടെ ആസ്ഥാനമായി ഉണ്ടാകുക. സംസ്ഥാനതല സംവിധാനത്തിന് പുറമേ എല്ലാ ജില്ലകളിലും ജില്ലാ ഓപ്പറേഷൻസ് യൂണിറ്റുകളും ജില്ലാ ഇന്റലിജൻസ് യൂണിറ്റുകളും ഉണ്ടാകും.