യുഎസ് കരാര്‍ ലംഘിച്ചു; ധാരണാപത്രത്തിലെ പ്രതിബദ്ധതകള്‍ നിര്‍ത്തിവെച്ചെന്ന് ഇറാന്‍

യുഎസ് കരാര്‍ ലംഘിച്ചു; ധാരണാപത്രത്തിലെ പ്രതിബദ്ധതകള്‍ നിര്‍ത്തിവെച്ചെന്ന് ഇറാന്‍


തെഹ്‌റാന്‍: അമേരിക്ക വെടിനിര്‍ത്തല്‍ ധാരണാപത്രം ലംഘിച്ചുവെന്നാരോപിച്ച് അതിന് കീഴിലുള്ള എല്ലാ പ്രതിബദ്ധതകളും താത്ക്കാലികമായി നിര്‍ത്തിവച്ചതായി ഇറാന്‍ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് തെഹ്‌റാന്റെ പുതിയ പ്രഖ്യാപനം.

അമേരിക്കയുടെ സൈനിക ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ധാരണാപത്രപ്രകാരമുള്ള ഇറാന്റെ എല്ലാ ബാധ്യതകളും നിര്‍ത്തിവച്ചതെന്ന് ഇറാന്‍ ഉപ വിദേശകാര്യ മന്ത്രി കസം ഗരീബാബാദി അറിയിച്ചത്. അമേരിക്ക തന്നെയാണ് ഇസ്ലാമാബാദ് ധാരണാപത്രത്തിന്റെ ചട്ടക്കൂടിനുള്ളിലെ എല്ലാ പ്രതിബദ്ധതകളും ലംഘിക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തതെന്ന് അദ്ദേഹം ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സിനോട് പറഞ്ഞു.

തങ്ങള്‍ ചര്‍ച്ചകളിലായിരുന്നുവെന്നും എന്നാല്‍ അമേരിക്ക ആക്രമണ നടപടികളിലേക്ക് നീങ്ങുകയും ധാരണാപത്രത്തിലെ ബാധ്യതകള്‍ ലംഘിക്കുകയും ചെയ്തതായും പ്രായോഗികമായി അമേരിക്ക എല്ലാ പ്രതിബദ്ധതകളും തള്ളിക്കളഞ്ഞിരിക്കുന്നതിനാല്‍ ഇസ്ലാമാബാദ് ധാരണാപത്രപ്രകാരമുള്ള തങ്ങളുടെയും എല്ലാ ബാധ്യതകളും സസ്‌പെന്‍ഡ് ചെയ്തതായും നിലവില്‍ ആ കരാറിലെ ബാധ്യതകള്‍ ഒന്നും തങ്ങള്‍ പാലിക്കുന്നില്ലെന്നും ഗരീബാബാദി വ്യക്തമാക്കി.

രാജ്യത്തെ പ്രതിരോധിക്കുന്നതിനുള്ള തിരക്കിലാണ് ഇറാനെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സൈനിക നടപടി 'ഐക്യത്തോടെയും നിര്‍ണായകമായും നടത്തുന്ന പ്രതിരോധം' ആണെന്നും അമേരിക്ക സ്വീകരിച്ചിരിക്കുന്ന വഴി യുക്തിരഹിതമാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, 'ആക്രമണകാരികളെ പാഠം പഠിപ്പിക്കാനുള്ള' തെഹ്‌റാന്റെ ദൃഢനിശ്ചയം ആവര്‍ത്തിച്ചു.

അമേരിക്ക ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കും സുപ്രധാന ഊര്‍ജ അടിസ്ഥാനസൗകര്യങ്ങള്‍ക്കും നേരെ തുടര്‍ച്ചയായി ഏഴ് രാത്രികളായി ആക്രമണം നടത്തിയതിന് പിന്നാലെയാണ് ധാരണാപത്രം പ്രായോഗികമായി അവസാനിച്ചുവെന്ന് ഇറാന്‍ ആദ്യമായി പരസ്യമായി പ്രഖ്യാപിക്കുന്നത്.

2026 ജൂണില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ ലക്ഷ്യം സൈനിക നടപടികള്‍ അവസാനിപ്പിക്കുകയും ഹോര്‍മുസ് കടലിടുക്ക്, ഉപരോധങ്ങളില്‍ ഇളവ്, ഇറാന്റെ ആണവപരിപാടി എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കുള്ള ചട്ടക്കൂട് ഒരുക്കുകയുമായിരുന്നു.

ഹോര്‍മുസ് കടലിടുക്കിലെ സമുദ്രഗതാഗതം തടസപ്പെടുത്താനുള്ള ഇറാന്റെ ശേഷി ദുര്‍ബലപ്പെടുത്താനാണ് തങ്ങളുടെ ആക്രമണങ്ങളെന്ന് അമേരിക്കന്‍ സൈന്യം വിശദീകരിച്ചിരുന്നു. ഇതിന് തിരിച്ചടിയായി ഇറാന്‍ മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കും വാഷിംഗ്ടണിന്റെ ഗള്‍ഫ് സഖ്യകക്ഷികളുടെ വിവിധ കേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണം നടത്തി.

ഇറാന്‍ ഉപ്പുവെള്ള ശുദ്ധീകരണശാലകള്‍, എണ്ണ സൗകര്യങ്ങള്‍, വൈദ്യുതിനിലയങ്ങള്‍ ഉള്‍പ്പെടെയുള്ള സിവിലിയന്‍ അടിസ്ഥാനസൗകര്യങ്ങള്‍ ലക്ഷ്യമിട്ടതായി കുവൈത്ത് ആരോപിച്ചു. സിവിലിയന്‍ കേന്ദ്രങ്ങളും സുപ്രധാന അടിസ്ഥാനസൗകര്യങ്ങളും ആവര്‍ത്തിച്ച് ആക്രമിക്കുന്നത് സാധാരണ ജനങ്ങളുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന ശത്രുതാപരമായ സമീപനത്തിന്റെ തെളിവാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ആക്രമണനടപടികള്‍ തുടരുകയാണെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 14 ഇന ധാരണാപത്രം അവസാനിച്ചതായി പ്രഖ്യാപിച്ചതോടെയാണ് പുതിയ സംഘര്‍ഷത്തിന് തുടക്കമായത്. തുടര്‍ന്ന് അമേരിക്ക ആവര്‍ത്തിച്ച് സൈനിക ആക്രമണങ്ങള്‍ നടത്തുകയും ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുന്നതുള്‍പ്പെടെ സിവിലിയന്‍ അടിസ്ഥാനസൗകര്യങ്ങള്‍ ലക്ഷ്യമിടുമെന്ന് ട്രംപ് വീണ്ടും ഭീഷണി മുഴക്കുകയും ചെയ്തു.