ഡെറാഡൂൺ : രാജ്യത്തെ പരീക്ഷാ സംവിധാനത്തിൽ ചോദ്യപേപ്പർ ചോർച്ച സ്ഥാപനവൽക്കരിക്കപ്പെട്ടിരിക്കുകയാണെന്ന് ആരോപിച്ച് കേന്ദ്രസർക്കാരിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പണം കൈവശമുള്ളവർക്ക് ചോദ്യപേപ്പറുകൾ 'മെനു കാർഡ്' പോലെ വാങ്ങാൻ കഴിയുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ഡെറാഡൂണിൽ സംഘടിപ്പിച്ച 'ഛാത്രോൻ കി ഗൂഞ്ച് ' റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. പ്രസംഗത്തിനിടെ വിവിധ പരീക്ഷകളുടെ ചോർന്ന ചോദ്യപേപ്പറുകൾക്ക് ഈടാക്കിയതായി ആരോപിക്കുന്ന തുകകൾ ഉൾപ്പെടുത്തിയ ഗ്രാഫിക്കും അദ്ദേഹം പ്രദർശിപ്പിച്ചു.
രാഹുലിന്റെ ആരോപണമനുസരിച്ച്, 2026ലെ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പറിന് 40 ലക്ഷം രൂപ, 2021ലെ ഐഐടിജെഇഇക്കും 2025ലെ ഉത്തരാഖണ്ഡ് പട്ട്വാരി പരീക്ഷയ്ക്കും 15 ലക്ഷം രൂപ, 2024ലെ ബിഹാർ അധ്യാപക നിയമന പരീക്ഷയ്ക്ക് 10 ലക്ഷം രൂപ, 2025ലെ ഒഡീഷ പൊലീസ് സബ് ഇൻസ്‌പെക്ടർ പരീക്ഷയ്ക്ക് 25 ലക്ഷം രൂപ എന്നിങ്ങനെയാണ് വില.
വിദ്യാഭ്യാസച്ചെലവിലെ വർധന, തൊഴിലവസരങ്ങളുടെ കുറവ്, കടുത്ത മത്സരം, ചോദ്യപേപ്പർ ചോർച്ച എന്നിവയാണ് വിദ്യാർഥികൾ നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് പരീക്ഷാ സംവിധാനത്തെ അട്ടിമറിക്കുകയാണെന്നും അതിന്റെ ഇരകളാകുന്നത് സത്യസന്ധരായ വിദ്യാർഥികളാണെന്നും രാഹുൽ ആരോപിച്ചു.
പരീക്ഷാ ഏജൻസികൾ, പ്രിന്റിങ് സ്ഥാപനങ്ങൾ, ചോദ്യപേപ്പർ തയ്യാറാക്കുന്നവർ, വിതരണക്കാർ, പരിശീലന കേന്ദ്രങ്ങൾ, പരീക്ഷാ കേന്ദ്രങ്ങൾ എന്നിവയടക്കമുള്ള മുഴുവൻ സംവിധാനത്തിലും ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ ചോർച്ച ബാധിച്ച വിദ്യാർഥികൾക്ക് നഷ്ടപരിഹാരവും സംരക്ഷണവും നൽകണമെന്നും ആവശ്യമെങ്കിൽ പരീക്ഷകൾ വീണ്ടും നടത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സുരക്ഷിതമായ ചോദ്യബാങ്കുകളും ക്രമരഹിതമായി ചോദ്യപേപ്പറുകൾ തയ്യാറാക്കുന്ന സംവിധാനവും ഉൾപ്പെടുത്തിയ വിദ്യാർഥികേന്ദ്രീകൃത പരീക്ഷാ രീതി രാജ്യത്ത് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നീറ്റ് ചോദ്യപേപ്പറിന് 40 ലക്ഷം'; പരീക്ഷാ ചോർച്ച 'മെനു കാർഡ്' പോലെ വിറ്റഴിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
