ചരിത്രമെഴുതി വിക്രം-1; സ്വകാര്യ റോക്കറ്റിലൂടെ ബഹിരാകാശത്ത് ഇന്ത്യയുടെ പുതിയ കുതിപ്പ്

ചരിത്രമെഴുതി വിക്രം-1; സ്വകാര്യ റോക്കറ്റിലൂടെ ബഹിരാകാശത്ത് ഇന്ത്യയുടെ പുതിയ കുതിപ്പ്


ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ രംഗത്ത് പുതിയ അധ്യായം കുറിച്ച് ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് വികസിപ്പിച്ച രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ വിക്രം1 വിജയകരമായി വിക്ഷേപിച്ചു. സാങ്കേതിക തടസ്സത്തെ തുടർന്ന് കൗണ്ട്ഡൗൺ അവസാന നിമിഷം നിർത്തിവെച്ചെങ്കിലും പ്രശ്‌നം പരിഹരിച്ചശേഷം ഉച്ചയ്ക്ക് 12.05ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് റോക്കറ്റ് കുതിച്ചുയർന്നത്.

ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് ചരിത്രനേട്ടമായി വിലയിരുത്തപ്പെടുന്ന ഈ ദൗത്യത്തിലൂടെ സർക്കാർ വികസിപ്പിച്ച വിക്ഷേപണ വാഹനങ്ങളെ ആശ്രയിക്കാതെ ഒരു ഇന്ത്യൻ സ്വകാര്യ കമ്പനി സ്വന്തമായി ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്ന രാജ്യത്തെ ആദ്യ സംരംഭമായി സ്‌കൈറൂട്ട് മാറി.

'മിഷൻ ആഗമൻ' എന്ന് പേരിട്ട വിക്ഷേപണത്തിലൂടെ ഇന്ത്യയുടെയും വിദേശരാജ്യങ്ങളുടെയും സാങ്കേതിക പരീക്ഷണ പേലോഡുകളാണ് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നത്. ഇന്ത്യൻ എർത്ത് ഒബ്‌സർവേഷൻ സ്റ്റാർട്ടപ്പായ ഗ്രാഹാ സ്‌പേസ് വികസിപ്പിച്ച 'സോളാരാസ്' നാനോ ഉപഗ്രഹം, വിക്ഷേപണ വിവരങ്ങൾ ശേഖരിക്കുന്ന സ്‌കൈറൂട്ടിന്റെ 'സ്‌കോപ്പ്', ബഹിരാകാശ അവശിഷ്ടങ്ങൾ സുരക്ഷിതമായി പിടിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ പരീക്ഷിക്കുന്ന കോസ്‌മോസെർവ് സ്‌പേസിന്റെ 'എംബ്രേസ് റോബോട്ടിക് ആം', ജർമൻ കമ്പനിയായ ഡിക്യൂബ്ഡിന്റെ പരീക്ഷണ ഉപഗ്രഹം എന്നിവയും വിക്രം-1 വഹിക്കുന്നു.

24 മീറ്റർ ഉയരമുള്ള വിക്രം-1 ഭാരം കുറഞ്ഞ കാർബൺ കോംപോസിറ്റ് ഘടനയിലാണ് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് സോളിഡ് ഇന്ധന ഘട്ടങ്ങളും ഒരു ദ്രവ ഇന്ധന ഓർബിറ്റൽ അഡ്ജസ്റ്റ്‌മെന്റ് മോഡ്യൂളുമാണ് റോക്കറ്റിന്റെ സവിശേഷത. 350 കിലോഗ്രാം വരെ ഭാരമുള്ള പേലോഡുകൾ 450 കിലോമീറ്റർ ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റിൽ എത്തിക്കാൻ ഇതിന് കഴിയും.

ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ പിതാവ് ഡോ. വിക്രം സാരാഭായ്, ശാസ്ത്രജ്ഞൻ ഡോ. സി.വി. രാമൻ, മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ മിനിയേച്ചർ ശിൽപങ്ങളും റോക്കറ്റിലുണ്ട്. വിക്ഷേപണ വാഹനത്തിന്റെയും എൻജിനുകളുടെയും പേരുകളും ഇവരുടെ പേരുകളാണ്.

എട്ട് വർഷം മുമ്പ് ലോകത്തിന് ചെലവ് കുറഞ്ഞതും വിശ്വസനീയവുമായ വിക്ഷേപണ സേവനങ്ങൾ ഇന്ത്യയിൽ നിന്ന് നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് ആരംഭിച്ചത്. ഇന്ന് 400ലേറെ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പുകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്നും 2020ലെ ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങളുടെ ഫലമാണ് ഈ വളർച്ചയെന്നും ഇൻസ്‌പേസ് അധികൃതർ ചൂണ്ടിക്കാട്ടി.

ഈ നേട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത് സ്‌കൈറൂട്ടിന്റെ എഞ്ചിനീയർമാരുടെ ശരാശരി പ്രായം വെറും 28 വയസ്സ് മാത്രമാണെന്നതാണ്. ആദ്യ ശ്രമത്തിൽ തന്നെ ദൗത്യലക്ഷ്യങ്ങൾ കൈവരിച്ച ഈ വിജയം ഇന്ത്യൻ യുവത്വത്തിന്റെ കഴിവിനും ആത്മവിശ്വാസത്തിനും തെളിവാണെന്നാണ് ബഹിരാകാശ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. സ്വകാര്യ സംരംഭങ്ങളുടെ കരുത്തിൽ ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങൾ ഇനി കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുമെന്ന പ്രതീക്ഷയാണ് വിക്രം-1 സമ്മാനിച്ചിരിക്കുന്നത്.